Saturday, May 14, 2011

ജനവിധി അഥവാ ജനങ്ങളുടെ വിധി

                            അങ്ങനെ കാത്തു കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെയുമായി. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്നാ അവസ്ഥയില്‍ ഇങ്ങനെ ഒരു ഫലം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും പൂര്‍ണമായും ക്രെഡിറ്റ്‌ അവകാശപ്പെടാന്‍  കഴിയില്ല എന്നതാണ് സത്യം. ആത്യന്തികമായി എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫിന് കഴിഞ്ഞതുമില്ല. ഇതൊക്കെ പറയുന്നത് പത്രക്കാരന്റെ രാഷ്ട്രീയമല്ലേ എന്ന് തോന്നിയാല്‍ നിങ്ങളെ കുറ്റം പറയാനാകില്ല, കാരണം നിഷ്പക്ഷം എന്നൊരു പക്ഷം ഇവിടെ ഇല്ലാതായിരിക്കുന്നു. 
                           ആര്‍ക്കും വ്യക്തമായ മുന്നേറ്റം നടത്താന്‍ സാധികാതിരുന്ന ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായും വിലയിരുത്തേണ്ട കാര്യങ്ങള്‍ ചിലതുണ്ട്. കേവലമൊരു തിരഞ്ഞെടുപ്പ് വിലയിരുത്തലിനപ്പുരം ചര്‍ച്ച ചെയ്യപ്പെടാന്‍ തക്ക വണ്ണം  പ്രാധാന്യമുള്ള ചില പ്രവണതകളും കണ്ടെത്താനാകും.

ഭരണത്തിന്റെ വിലയിരുത്തല്‍  അഥവാ വി എസ് ഫാക്ടര്‍ 
                   കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷം ഭരിച്ച ഇടതുപക്ഷ ജനാതിപത്യ മുന്നണി സര്‍ക്കാരിനെ ജനം ആദ്യമായി വിലയിരുത്തിയത് ഈ തിരഞ്ഞെടുപ്പിലാനെന്നു പറയാം. ഈ കാലയളവില്‍ നടന്ന ലോകസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടത് മദനിയും ലാവലിനും ഒക്കെ ആയിരുന്നല്ലോ? എല്‍ഡിഎഫ്ഫ് തങ്ങളുടെ ഭരണ നേട്ടങ്ങളുമായി മുന്നോട്ടു വന്നെങ്കിലും  അതെല്ലാം ബധിര കര്‍ണ്ണങ്ങളില്‍ ആണ് പതിച്ചത്. മാധ്യമങ്ങളില്‍ സിപിഎമ്മിന്റെ ഓരോ നിശ്വാസവും  തലനാരിഴ കീറി പരിശോധിക്കപ്പെട്ടപ്പോള്‍, വളച്ചൊടിക്കപ്പെട്ടപ്പോള്‍ യഥാര്‍ത്ഥ വിഷയങ്ങള്‍ ജനങ്ങളില്‍ എത്തിയതെയില്ല. എന്നാല്‍ അതേ മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇത്തവണ  അതിനു പ്രായശ്ചിത്തം ചെയ്തു. അതായിരുന്നു വിഎസ് ഫാക്ടര്‍.  വിഎസ്സിനെ ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫില്‍ താളപ്പിഴകള്‍ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം  നടത്തിയ ശ്രമം പക്ഷെ എല്‍ഡി എഫിന് അനുകൂലമാവുകയാണ് ഉണ്ടായത്. വി എസ്സിനെ പിന്താങ്ങുബോള്‍ അത് ഭരണനേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞപ്പോളെക്കും ഒരു പാട് വൈകിയിരുന്നു. വിഎസ്സിന്റെ പ്രഭയില്‍ അപ്പോളേക്കും ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തി കഴിഞ്ഞിരുന്നു. ഇത്രയും കാലം എല്‍ഡിഎഫിനെ പൂര്‍ണമായും അവഗണിച്ച മാധ്യമങ്ങള്‍ വിഎസ്സിന്റെ ഓരോ ചലനവും ആഘോഷിച്ചപ്പോള്‍ ഓരോ ചാനലും കൈരളിയായി മാറുകയായിരുന്നു. ഇത് എല്‍ഡിഎഫിന്റെ ജോലി വളരെ എളുപ്പമാക്കി.

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ 
                        മുന്നണികളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അവസാന ഫലത്തെ നന്നായി ബാധിക്കും. ഇത്തവണയും അതുണ്ടായി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും പ്രതിരോധത്തില്‍ ആയിരുന്ന ഇടതു പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. കേന്ദ്രത്തിലെ അഴിമതിയുടെ നാറിയ കഥകള്‍ പുറത്തു വന്നു തുടങ്ങിയതോടെ തന്നെ യുഡിഎഫിന്റെ ശനിദശ തുടങ്ങിയിരുന്നു. തുടര്‍വിജയങ്ങള്‍ സൃഷ്‌ടിച്ച ഈസി വാക്കോവര്‍ എന്ന പ്രതീക്ഷയുടെ ആലസ്യത്തില്‍ നിന്നും ഉണരും മുന്‍പ് ഐസ്ക്രീം കേസില്‍ ആദ്യ വെടി പൊട്ടിയതോടെ യുഡിഎഫ്ഫ് പ്രതിരോധത്തിലായി. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള അകതായത്തോടെ കേരളമോചനയാത്ര ദുരിതയാത്രയായി.  കൂനിന്‍മേല്‍കുരു പോലെ സുധാകരന്റെ കോടതിക്കെതിരായ കൈക്കൂലി ആരോപണവും. പടക്കിറങ്ങും മുന്‍പേ പടനായകര്‍ നിരായുധരാക്കപ്പെട്ട അവസ്ഥയായി യുഡിഎഫിന്.  അപ്പോളേക്കും എല്ലാം ആക്രമണത്തിലേക്ക് വലിച്ചെറിഞ്ഞ എല്‍ഡിഎഫിനെ അരുണ്‍ കുമാറും നിയമന പ്രശ്നവും പോലുള്ള ഈര്‍ക്കിലി വിഷയങ്ങളുമായി യുഡിഎഫ്ഫ് പ്രതിരോധിക്കാനിരങ്ങിയെങ്കിലും വൈകിയിരുന്നു. 
ഇതിനിടയില്‍ അമിതാവേശം കൊണ്ടാകാം എല്‍ഡിഎഫിന് പിഴച്ചു. വി എസ് അച്ചുതാനന്ദനെ മത്സരിപ്പിക്കെണ്ടാതില്ല എന്ന തീരുമാനം പടിക്കല്‍ വച്ച് കലമുടക്കുന്നതിനു തുല്യമായിരുന്നു. താത്വികമായി അതൊരു നല്ല തീരുമാനം ആണെങ്കില്‍ തന്നെയും ഒരു തിരഞ്ഞെടുപ്പ് തന്ത്രം എന്ന നിലയില്‍ അതൊരു പരാജയമായി. എന്നാല്‍ പെട്ടെന്ന് തന്നെ അത് തിരുത്താന്‍  എല്‍ഡിഎഫിന് സാധിച്ചു. എല്‍ഡിഎഫിന്റെ ഐക്യത്തിന് പ്രധാനകാരണമായത്  ഘടകകക്ഷികളുടെ വിശേഷിച്ചും  സിപിഐയുടെ, നിലപാടുകള്‍ ആയിരുന്നു. വെളിയം ഭാര്‍ഗവന് പകരം അമരക്കാരനായ സി കെ ചന്ദ്രപ്പന്‍ മുന്നണിവിജയം  ഘടകകക്ഷികളുടെ കൂടെ ഉത്തരവാദിത്വം ആണെന്ന് മനസ്സിലാക്കി പെരുമാറുന്നതില്‍ വിജയിച്ചു.
                            അതേ സമയം സീറ്റ് വിഭജന തര്‍ക്കങ്ങളില്‍ യുഡിഎഫിന്റെ കെട്ടുറപ്പാകെ തകര്‍ന്നു പോയിരുന്നു. ചാണ്ടിക്കൊപ്പം ചെന്നിത്തല കൂടി മത്സരിക്കാനിരങ്ങിയതോടെ  പ്രചാരണത്തിന് നേതൃത്വം കൊടുക്കാന്‍ അവര്‍ പരാജയപ്പെട്ടു. മാഡത്തെയും മകനെയും ഇറക്കിയുള്ള പരീക്ഷണം പൊട്ടിപാളീസായി. കുറച്ചെങ്കിലും അനക്കം ഉണ്ടാക്കാനായത് ആന്റണിക്കാണ്. ഇനിയും തീരാത്ത ഗ്രൂപ് പോരുകള്‍ അതിലും തുരങ്കം വച്ചു.  

മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്‌ സ്വാധീനം 
                            യുഡിഎഫിന്റെ  നേരിയ വിജയത്തില്‍ കോണ്‍ഗ്രസിന്‌ സന്തോഷിക്കാന്‍ വകുപ്പൊന്നുമില്ല. ആശങ്കകള്‍ ഏറെയുണ്ട് താനും. ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ആകാത്തത് പോയിട്ട് ലീഗിന്റെയും മാണിയുടെയും വീരന്റെയും വരെ കാലു പിടിക്കാതെ ഭരണം കിട്ടാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന്‌.ഘടക കക്ഷികളുടെ പിന്തുണയില്ലാതെ നിന്നാല്‍ പല സ്ഥലത്തും കെട്ടി വച്ച കാശുപോലും കിട്ടുമെന്ന് ഉറപ്പില്ലാത്ത വിധം ദേശീയ പാര്‍ട്ടി അധപതിച്ചു പോയെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ ലീഗിനാണ്. ഐസ്ക്രീം കേസില്‍ പെട്ട് നാണവും മാനവും പോയി നില്‍ക്കുന്ന അവസ്ഥയില്‍ നിന്നും ഇത്തരം ഒരു തിരിച്ചു വരവ്, അത് ലീഗിന് മാത്രമേ ആകൂ.  
           
                            റഹൂഫിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സംഭവം സാഹിബ് പെണ്ണ് പിടിച്ചെന്നും കേസില്‍ നിന്നും ഊരാന്‍ തറ വേലകള്‍ ഇറക്കിയെന്നും ഒക്കെ ലീഗുകാര്‍ക്കറിയാം. എന്നാല്‍ മുസ്ലിം ലീഗുകാര്‍ക്ക് അതൊരു പ്രശ്നമായില്ല, അവിടെയാണ് ലീഗ് ക്യാംപൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വലിയ പൊതു സമ്മേളനങ്ങള്‍ക്ക് പകരം വീടുകളെയും വ്യക്തികളെയും കേന്ദ്രീകരിച്ച പ്രവര്‍ത്തനത്തിലൂടെ  സംസ്ഥാനത്തെ മുസ്ലിം വോട്ടുകള്‍ ഒരു പരിധി വരെ തങ്ങള്‍ക് അനുകൂലമാക്കുന്നതില്‍ അവര്‍ വിജയിച്ചു. കേരളത്തിന്റെ ഭാവിക്ക് ഒരിക്കലും നന്നല്ലാത്ത വര്‍ഗീയ ധ്രുവീകരണം ആണ് അവിടെ നടന്നത്.  കോണിക്ക് കുത്താന്‍ ഖുറാനില്‍ പിടിച്ചു സത്യം ഇടുവിപ്പിക്കുന്ന, അല്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തുന്ന പഴയ തന്ത്രങ്ങളില്‍ നിന്ന് ലീഗ് ഒരു പാട് മുന്നേറി.  ആകെ ഉള്ള രണ്ടു എംപിമാരില്‍ ഒരാളെ കേന്ദ്രമന്ത്രി ആക്കിയതും ഭരണം കിട്ടിയാല്‍ ലഭിക്കാന്‍ പോകുന്ന മന്ത്രി സ്ഥാനവും ഒക്കെ മാത്രമല്ല സമുദായ കാര്‍ഡും ലീഗ് സമര്‍ത്ഥമായി ഉപയോഗിച്ചു. 

                      മുസ്ലിം ഐക്യം എന്ന വര്‍ഗീയ മുദ്രാവാക്യത്തിനൊപ്പം പാണക്കാട് തങ്ങളുടെ മരണത്തിന്റെ സെന്റിമെന്റ്സും ഉപയോഗിച്ചു?  ശിഹാബ് തങ്ങള്‍ കൂടി പോയ ശേഷം ഇനി പരാജയങ്ങള്‍ ഏറ്റു വാങ്ങിയാല്‍ അത് സമുദായത്തിന്റെ പരാജയമാണ് തുടങ്ങിയ ചിന്തകള്‍ മുസ്ലിം ജനവിഭാഗത്തിനിടയില്‍ എത്തിച്ചു,? ബാബറി അടക്കമുള്ള വിഷയങ്ങള്‍ പറഞ്ഞു കൊണ്ട് മുസ്ലിങ്ങള്‍ അരക്ഷിതരാണ് എന്ന അപകടകരമായ പ്രചാരണങ്ങള്‍  വരെ നടന്നതായി സംശയിക്കണം. അതെ, എസ് ഡിപിഐ , ജമ അത്തെ പോലുള്ള മുസ്ലിം തീവ്രവാദ സംഘടനകളെ വെല്ലുന്ന വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ലീഗിന് കഴിഞ്ഞു. അല്ലെങ്കില്‍  കേരള ജനതക്കാകെ നാണക്കേട്‌ ഉണ്ടാകുന്ന വിധത്തില്‍ ഉള്ള  തിരഞ്ഞെടുപ്പ് ഫലം  വെങ്ങരയില്‍ സംഭവിക്കില്ലായിരുന്നു. ഒരിക്കല്‍ തുറന്നുപറഞ്ഞപോലെ വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഇനിയും കുഞ്ഞാലിയെ ജയിപ്പിക്കില്ലായിരുന്നു. 
  
                               കോട്ടയം രാജ്യത്തെ കിരീടം വക്കാത്ത രാജാവായ മാണിയും മിന്നുന്ന പ്രകടനം കാഴ്ച വച്ചു.  വാശി പിടിച്ചു അവസാനം ആകെ കിട്ടിയ 9 സീറ്റുകള്‍ ജോസെഫിനു കൂടി വീതിക്കേണ്ടി വന്നത് മാണി സാറിനു വല്ല്യേ വിഷമമായി കേട്ടോ. ഇടയലേഖനവും മെത്രാനച്ചന്മാരും അരമനയും ഒക്കെ ഉണ്ടായിട്ടും സ്വന്തം പാലായില്‍ ഭൂരിപക്ഷം 5000 തികയാത്തതും തനിക് കിട്ടിയതിന്റെ നാലിരട്ടി ഭൂരിപക്ഷം ജോസെഫിനു കിട്ടിയതും മാണിയെ പരിഭ്രാന്തനാക്കുന്നു. എന്നാലും പിളരാനും ലയിക്കാനും വിലപേശാനും ഉള്ള മാണി സാറിന്റെ കഴിവുകള്‍ക്ക് കോട്ടമൊന്നും വന്നിട്ടില്ലെന്ന് ആശ്വസിക്കാം!!!        


ചെറുകക്ഷികളുടെ ഓരോരോ ലീലാ വിലാസങ്ങള്‍ 
                 സീറ്റ് വിഭജന കാലത്തെ ഏറ്റവും വലിയ തലവേദനയാണ് ഈര്‍ക്കില്‍ പാര്‍ട്ടികള്‍. ഒറ്റക്ക് നിന്നാല്‍ ഒരു വാര്‍ഡ്‌ പോലും ജയിക്കാന്‍ കെല്‍പ്പില്ലാത്ത ഇവര്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ജില്ലകള്‍ തന്നെ ആവശ്യപ്പെട്ടെന്നു വരും. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന് പേടിച്ചു മുന്നണികള്‍ അവരെ കണ്ടറിഞ്ഞു പരിഗണിക്കുകയും ചെയ്യും. രണ്ടു മുന്നണികളും ഇതില്‍ കുറ്റക്കാരാണ്.ഇത്തവണയും അതുണ്ടായി. എന്നിട്ടോ? ഒറ്റ സീറ്റ് പോലും കിട്ടാതെ ഗൌരിയമ്മയുടെ ജെഎസ്എസ്സും എംവിആറിന്റെ സിഎംപിയും കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ്‌ (എസ്), ലയിക്കാത്ത ഐഎന്‍എല്‍ ഒക്കെ കാലയവനികക്കുള്ളില്‍ മറയാന്‍ പോകുന്നു.  ഗൌരിയമ്മക്കും രാഘവനും കോണ്‍ഗ്രസ്‌ കണ്ടറിഞ്ഞു പണി കൊടുക്കുമെന്ന് പത്രക്കാരന്‍ അന്നേ പറഞ്ഞിരുന്നു.. 


ഇനി വിലപേശലിന്റെ നാളുകള്‍
                 വിലപേശല്‍ രാഷ്ട്രീയത്തിന്റെ കൊയ്തുകാലമാണ് ഇനി കേരളത്തില്‍ വരാനിരിക്കുന്നത്. പത്തും ഇരുപതും സീറ്റുകള്‍ ഉള്ള ചെറുകക്ഷികളും ഒരു സീറ്റും അരസീറ്റും ഒക്കെ ഉള്ള വന്‍ കക്ഷികളും ആഭ്യന്തരമന്ത്രിസ്ഥാനം വരെ ചോദിക്കും. ആരെങ്കിലും ഒന്ന് കണ്ണുരുട്ടിയാല്‍ മന്ത്രിസഭ താഴെ വീഴുമെന്നരിയാകുന്ന കോണ്‍ഗ്രസ്‌ അതോടെ ആപ്പിലാകും. സീറ്റ് വിഭജന കാലത്ത് ഘടകകഷികളെ വരച്ച വരയില്‍ നിറുത്തിയ കോണ്‍ഗ്രസ്‌ ഇനി എവിടെ വരക്കണം എന്ന് പോലും ഘടകകക്ഷികള്‍ തീരുമാനിക്കും. വോട്ടിംഗ് വന്നാല്‍ നിയമസഭാസ്പീക്കറെ പോലും നിര്‍ത്തി വിജയിപ്പിക്കാന്‍  കഴിയുമെന്ന് ഉറപ്പില്ലാത്ത യുഡിഎഫ്ഫ് ഇനി എങ്ങനെയാണ് സഭാ സമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന് കണ്ടറിയാം. വിലപേശല്‍ രാഷ്ട്രീയവും അധികാര വടംവലിയുമൊക്കെയായി മാധ്യമങ്ങള്‍ക്ക് ഇനി നല്ല കോളായിരിക്കും. നികേഷ് കുമാറിന്റെ ഒരു സമയം !!!! 


ലാസ്റ്റ് എഡിഷന്‍: നോക്കിയും കണ്ടുമൊക്കെ നടന്നാല്‍ യുഡിഎഫിന് കൊള്ളാം. അല്ലെങ്കില്‍ ഇങ്ങനെ ഒരു വാര്‍ത്ത പത്രത്തില്‍ വരും..
തിരുവനന്തപുരത്ത് വാഹനാപകടം "ഭൂരിപക്ഷത്തിന്റെ  കുറവ് മൂലം മന്ത്രിസഭ വീഴാതിരിക്കാന്‍ എംഎല്‍എ മാരെ ചാക്കിട്ടു പിടിക്കാന്‍ ഓടുന്ന യുഡിഎഫുകാരും കുട്ടികളുടെ കുറവ് മൂലം  ഡിവിഷന്‍ പോകാതിരിക്കാന്‍ കുട്ടികളെ ചാക്കിട്ടു പിടിക്കാന്‍ ഓടുന്ന അധ്യാപകരും സഞ്ചരിച്ചിരുന്ന വണ്ടികള്‍ കൂട്ടിയിടിച്ചു. ആളപായമില്ല..."   
Related Posts Plugin for WordPress, Blogger...