Saturday, April 23, 2011

എന്‍ഡോസള്‍ഫാന്‍: കേന്ദ്രീകൃത തെമ്മാടിത്തം

                           എന്‍ഡോസള്‍ഫാന്‍ എന്ന പേര് മരണത്തിന്റെയും ഭീകരതയുടെയും പ്രതീകമായി മാറിയിട്ട് ഏറെ നാളായി. കശുമാവിന്‍ തോട്ടങ്ങളെ ആക്രമിക്കുന്ന തേയിലകൊതുകുകളെ തുരത്താനായി 1980 മുതല്‍ കാസര്‍കോട് ജില്ലയില്‍ ഈ കീടനാശിനി ഉപയോഗിക്കപ്പെടുന്നു. വ്യാപകമായ ആരോഗ്യപ്രസ്നാങ്ങള്‍ക്ക് വഴിതെളിയിക്കുന്നതിനാല്‍  2002ല്‍  ഇതിന്റെ ഉപയോഗം സംസ്ഥാനവ്യാപകമായി നിരോധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക...

                                 കാസര്‍കൊട്ടെയോ കര്‍ണാടകത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളേയോ മാത്രം ബാധിക്കുന്ന ഒരു വിപത്ത് അല്ല ഇതെന്ന് വ്യക്തമാണ്. ലോകമെമ്പാടും ഉപയോഗിച്ചിരുന്ന ഈ കീടനാശിനി അതിന്റെ ദൂരവ്യാപകമായ ദൂഷ്യ ഫലങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടുകയും ഒടുവില്‍ ലോകവ്യാപകമായി പല രാജ്യങ്ങളിലും നിരോധിക്കപെടുകയും ചെയ്തതാണ്. എന്നിരുന്നാലും ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളില്‍ വിലക്കുറവു പോലുള്ള നിസ്സാര കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ഇന്നും എന്‍ഡോസള്‍ഫാന്‍ വിലസുന്നു. മരണത്തിന്റെ പതാക വാഹകനായി . . .
                                കാസര്‍കോട്ടെ ആയിരങ്ങള്‍ ആണ് ഇതിന്റെ ദുരിതം പേറുന്നത്. മനുഷ്യക്കൊലത്തിന്റെ ഏറ്റവും വികൃത മുഖം പേറുന്ന കുരുന്നുകള്‍,  ഹിരോഷിമയിലെയും നാഗസാക്കിയിലെയും പോലെ ജനിക്കുന്ന കുഞ്ഞിനു തലയും ഉടലും ഉണ്ടാകണേ എന്ന് പ്രാര്‍ഥിക്കുന്ന, ആ പേടി കാരണം ജനിക്കും മുന്പ് ആ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന അമ്മമാര്‍, ശിശു മരണത്തിനും ചാപ്പിള്ള ജനനത്തിനും വന്ധ്യതക്കും ബുദ്ധിമാന്ദ്യത്തിനും കാരണമാകാന്‍ വര്‍ഷങ്ങളോളം മനുഷ്യ രക്തത്തില്‍ ഒളിച്ചിരിക്കുന്ന   അദൃശ്യനായ കൊലയാളി വിതച്ച ദുരിതത്തിന്റെ വിളവെടുക്കുന്നത് ആരാണ്?  
ലോകം മുഴുവന്‍ വെറുക്കുന്ന ഈ കൊലയാളിയെ സംരക്ഷിച്ചു നിര്‍ത്തേണ്ട എന്ത് ബാധ്യതയാണ് ഇന്നാട്ടിലെ ഭരണാധികാരികള്‍ക്ക് ഉള്ളത്? 
     
                           ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് വാദപ്രതിവാധങ്ങള്‍ നടന്നു കഴിഞ്ഞതാണ്. എന്നാല്‍ ജെനീവാ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഒരു ഏകീകൃത സ്വഭാവം കൈവന്നിരിക്കുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ എല്ലാം ഏക സ്വരത്തോടെ കേന്ദ്ര സര്‍ക്കാരിനോട് ജെനീവ കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ നിന്നും പിന്മാറാനും രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും ആവശ്യപ്പെടുകയാണ്. രാഷ്ട്രീയ സാമൂഹ്യ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നേ വരെ കാണാത്ത ഐക്യമാണ് ഈ വിഷയത്തില്‍ പ്രകടമാകുന്നത്. തീര്‍ച്ചയായും നല്ലൊരു ലക്ഷണമാണ് അത് കാണിക്കുന്നത്. 
എന്നാല്‍ ഇടയില്‍ കൂടി കേള്‍ക്കുന്ന ചില അപസ്വരങ്ങള്‍ കൂടി ഉയരുന്നുണ്ട് എന്നുറപ്പാണ്.

                         ജനാധിപത്യ സംവിധാനത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ്  കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നത്തെ സമീപിക്കുന്നത്. ഒരു ദേശതിന്റെയാകെ മുറവിളിക്ക് ചെവികൊടുക്കാതെ സാങ്കേതികതയുടെ പേര് പറഞ്ഞു കൊണ്ട് കൈകഴുകാനുള്ള ശ്രമം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്റ്റോക്ക്‌ ഹോം കണ്‍വെന്‍ഷനില്‍ ഉണ്ട ചോറിനു നന്ദി കാണിച്ചു കൊണ്ട് എന്‍ഡോസള്‍ഫാന്‍നു കേന്ദ്രം ജയ് വിളിക്കുമ്പോള്‍ അവിടെ മറ്റൊരു ശബ്ദം കൂടി കേള്‍ക്കാം, കേരളത്തിന്റെ.. ലോകത്തെ വിവിധ യുണിവേര്‍സിറ്റികളും  നിക്ഷ്പക്ഷ ഏജന്‍സികളും നടത്തിയ, എന്‍ഡോസള്‍ഫാന്‍ന്റെ ദൂഷ്യ ഫലങ്ങള്‍ തെളിയിക്കുന്ന നൂറ്റിനാല്പതില്‍ പരം പഠനറിപ്പോര്‍ട്ടുകളും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കരളലിയിക്കുന്ന ജീവിതയാഥാര്‍ത്യങ്ങളും കേരളത്തിന്റെ പ്രതിനിധി സ്റ്റോക്ക്‌ ഹോം പ്രതിനിധികള്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടും. നട്ടെല്ലുള്ള ഒരു സംസ്ഥാന സര്‍ക്കാരിന് രാജ്യത്തെ ഫെഡറല്‍  സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ തെളിവാകും അത്. ഇതിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന പൊല്ലാപ്പൊക്കെ എല്ലാര്‍ക്കും അറിയുന്ന സ്ഥിതിക് അതിലേക്ക് കടക്കുന്നില്ല.
    
                           മറ്റു പലതിനെയും പോലെ ഈ വിഷയത്തെയും ബൂലോകം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് കോലാഹലം കഴിഞ്ഞതില്‍ പിന്നെ ഉറങ്ങിപ്പോയ മലയാളം ഫേസ്ബുക്ക്‌ ഗ്രൂപ്പുകള്‍ക്ക് ജീവന്‍ വച്ചത് എന്‍ഡോസള്‍ഫാന്‍ ന്റെ വരവോടെയാണ്. ഏകശ്രുതിയില്‍ പോകുകയായിരുന്ന കൂട്ടായ്മയില്‍ ചിലരെങ്കിലും ശ്രുതിതെറ്റിച്ചു എന്‍ഡോസള്‍ഫാന്‍നു ഓശാന പാടുന്നുണ്ട്. ബഷീര്‍ വള്ളിക്കുന്നിന്റെ  നാക്ക് പിഴച്ചത് ക്ഷമിച്ചു കൊടുക്കാമെങ്കിലും  വള്ളിക്കുന്നിന്റെ അടക്കമുള്ള എന്ടോഫുള്‍ഫാന്‍ പോസ്റ്റുകളുടെ കമന്റ്‌ ആയും ഫേസ് ബുക്ക്‌ ചര്‍ച്ചകളിലുമായി കെ പി സുകുമാരന്‍  അഞ്ചരകണ്ടി കാണിക്കുന്ന അതിസാമര്‍ത്ഥ്യം മറുപടി അര്‍ഹിക്കുന്നു.
                            
                           എന്‍ഡോസള്‍ഫാന്‍ന്റെ ഗുണബലങ്ങളെ  സംബന്ധിച്ച ചില ഭയങ്കര ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്ന മൂഡ വിശ്വാസമാണ് അദ്ധേഹത്തെ നയിക്കുന്നത്. അതെന്തോ ആകട്ടെ, പഠന റിപ്പോര്‍ട്ടുകള്‍ക്ക് ഈ വിഷയത്തില്‍ ഒരു പഞ്ഞവുമില്ല. മുഴുവന്‍ ഇരകളെയും പുനരധിവസിപ്പിക്കാന്‍ ഉള്ളത്ര പണം ഇത്തരം പഠന മഹാമഹം കൊണ്ടാടാന്‍ നമ്മുടെ  സര്‍ക്കാര്‍ സംവിധാനഗല്‍ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ മൊത്തം എണ്ണം പരിശോധിച്ചാല്‍ ഓരോ ഇരയുടെ ഒരു കൈയ്യില്‍ ഒരു അനുകൂല റിപ്പോര്‍ട്ടും മറുകയ്യില്‍ ഒരു പ്രതികൂല റിപ്പോട്ടും വച്ച് കൊടുത്താല്‍ പിന്നെയും എണ്ണം ബാക്കിയാകും. (അത് വേണേല്‍ പവാറിന്റെയും ജയറാം രമേഷിന്റെയും അണ്ണാക്കില്‍ തിരുകി കൊടുക്കാം).  ഇന്നാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ ഭീകരതെക്കെതിരെ പോരാടുന്നത്  അത്തരം പഠന റിപ്പോര്‍ട്ടുകള്‍ കാണാതെ പഠിച്ചിട്ടോ ഒന്നുമല്ല. ശാസ്ത്രീയ വസ്തുതകള്‍ അല്ല, മറിച്ചു മനുഷ്യത്വമാണ്‌ അവരെ മുന്നോട്ട് നയിക്കുന്നത്. അമിതമായ രാഷ്ട്രീയ അന്ധത ബാധിച്ച അഞ്ചരകണ്ടിയുടെ കണ്ണുകള്‍ക്ക് കാണാനാകാതെ പോകുന്നത് കണ്ടു സഹതപിക്കാനേ നമുക്കാവൂ.. 
                   
                         ഈ വിഷയത്തില്‍ രാഷ്ട്രീയം കൊണ്ട് വരരുത് എന്ന് പലരും പറയുന്നുണ്ട്. ശരിയാണ്, ഇതിലേക് ഇനി രാഷ്ട്രീയത്തെ കൊണ്ട് വരേണ്ട കാര്യമില്ല. കാരണം ഇതില്‍ രാഷ്ട്രീയം ആദ്യമേ ഉണ്ട്. അത്‌ കക്ഷി രാഷ്ട്രീയമോ മുന്നണി രാഷ്ട്രീയമോ അല്ല, ഇരകളുടെയും വേട്ടക്കാരന്റെയും രാഷ്ട്രീയമാണ്. ഇതില്‍ ഇരയേതു വേട്ടക്കാരനേതു എന്ന തിരിച്ചറിവാണ്  ഇതില്‍ രാഷ്ട്രീയം കാണരുത് എന്ന് പറയുന്നവരെ നയിക്കുന്ന വികാരം. അത്‌ തിരിച്ചറിയുബോളാണ് നാം ആരുടെ പക്ഷത്ത് നില്‍ക്കണം എന്ന് സ്വയം വിലയിരുതാനാകുക. കാസര്‍കോട്ടെ അടക്കം എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതത്തിന്റെ തീരാ വേദനയേറുന്ന സാധാരണക്കാരായ ഇരകള്‍ക്കൊപ്പമോ അതോ എല്ലാമറിഞ്ഞിട്ടും ഉറക്കം നടിക്കുന്ന അധികാരി വര്‍ഗ്ഗത്തിന്റെ ധാര്ഷ്ട്യതിനോപ്പമോ?  
  
                       ലോകവ്യാപകമായി 80ല്‍ പരം രാജ്യങ്ങള്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞു ഇതിന്റെ ഉപയോഗം നിരോധിച്ചതാണ്. ഓസ്ട്രേലിയ അടക്കമുള്ള ചില രാജ്യങ്ങള്‍ ഇത് നിരോധിക്കാനുള്ള കാരണം കാസര്‍കോട്ടെ ഭീതിപ്പെടുത്തുന്ന ദുരന്തചിത്രങ്ങള്‍ കണ്ടത് മൂലമാണെന്നും കേള്‍ക്കുന്നു. എന്നിട്ടും സ്വന്തം രാജ്യത്ത് ആയിരങ്ങള്‍ ജീവച്ഛവം പോലെ കിടക്കുന്നത് കണ്ടിട്ടും  എന്തെ നമ്മുടെ സര്‍ക്കാരിന് മാത്രം നേരം വെളുത്തില്ല? 
ഏതു കഠിന ഹൃദയന്റെയും കണ്ണ് നനയ്ക്കുന്ന ദ്രിശ്യങ്ങളും വസ്തുതകളുമല്ലേ പുറത്തു വരുന്നത്? 
ഇതൊന്നും കണ്ടില്ലെന്നു നടിച്ചിട്ടു മുന്നോട്ടു പോകാന്‍ പവാറിനും ജയറാം രമേഷിനും ചിലവിനു കൊടുക്കുന്നത് എന്‍ഡോസള്‍ഫാന്‍ മുതലാളിയുടെ അച്ചി വീട്ടില്‍ നിന്നൊന്നും അല്ലല്ലോ ?

                         ജനപ്രതിനിധികള്‍ നിലകൊള്ളേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാകണം. ജനങ്ങളുടെ അവകാശസംരക്ഷനതിനാകണം അവര്‍ മുന്‍തൂക്കം കൊടുക്കേണ്ടത്. ഒരു സര്‍ക്കാരിന് വൈകാരികമായി കാര്യങ്ങളെ സമീപിക്കാനാകില്ല,  ശാസ്ത്രീയമായ പഠന രീതികളും അതിന്റെ റിപ്പോര്‍ട്ടുകളും അടിസ്ഥാനപ്പെടുതിയെ അവര്‍ക്ക് നടപടികള്‍ കൈക്കൊള്ളാനാകൂ. സമ്മതിക്കുന്നു. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ലെങ്കില്‍ അത് തെളിയിക്കേണ്ടത് എന്‍ഡോസള്‍ഫാന്‍ നിര്മിക്കുന്നവന്റെയും വില്‍ക്കുന്നവന്റെയും ഉപയോഗിക്കുന്നവന്റെയും ആവശ്യമാണ്‌. നിയമപരമായി അവര്‍ക്ക് അതിനുള്ള അവകാശത്തെയും അനുവദിച്ചു കൊടുക്കാം. പക്ഷെ അതിനൊക്കെ മുന്‍പേ  ഓര്‍ക്കുക,  ഇത്തരം നടപടിക്രമങ്ങള്‍ ഒക്കെ ഉണ്ടാക്കിയിരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. ജനനന്മക്കു വേണ്ടിയാണ്. അതിനുപകരിച്ചില്ല എങ്കില്‍ എന്തിനാണ് ഈ ഭരണസംവിധാനങ്ങളും ഭരണാധികാരികളും?

                             കൃത്യമായ തെളിവുകള്‍ ഇല്ലാതെ എന്ടോസുള്‍ഫാന്‍ നിരോധിച്ചാല്‍ ഒരു പക്ഷെ അതിന്റെ നിര്‍മാതാക്കള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞെക്കാം. തിരഞ്ഞെടുപ്പ് ഫണ്ടിലേക്കും മന്ത്രി മന്ദിരങ്ങളിലേക്കും അവര്‍ ഒഴുക്കിയ കോടികള്‍ക്ക് കണക്ക് പറയേണ്ടി വന്നേക്കാം..
 എന്ന് കരുതി ആളെക്കൊല്ലിയായ കീടനാശിനി മാഫിയയുടെ കുഴലൂത്തുകാരായി തുടരാനാണ് ഭാവമെങ്കില്‍, ഒരു ദേശത്തിന്റെയാകെ പ്രതിഷേധത്തെ തൃണവല്ക്കരിച്ചുകൊണ്ട്,  തലമുറകളെ മാറാവ്യാധികള്‍ക്കും മരണത്തിനും വിട്ടുകൊടുത്താല്‍, നിങ്ങള്‍ ഒരു പക്ഷെ നേരിടേണ്ടി വരുന്നത് ജനകീയ വിചാരണയെ ആകും.  

 ലാസ്റ്റ് എഡിഷന്‍ : ഈ പോസ്റ്റിലെ പല പ്രസ്താവനകളും ജനാധിപത്യ വിരുദ്ധമാണെന്നറിയാം. പക്ഷെ എന്താ ചെയ്യാ?  ഞാന്‍ ഈ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ല, അത് കൊണ്ട് തന്നെ യന്ത്രങ്ങളുടെ പ്രവര്‍ത്തനവും പഠന റിപ്പോര്‍ട്ടുകളുടെ കളികളും അറിയില്ല. പക്ഷെ ഒന്നറിയാം, കാസര്‍കോട്ടെ ഓരോ ദുരന്ത ബാധിതനും എന്റെ സഹോദരര്‍ ആണ്. അവരുടെ വേദന എന്റെതുമാണ്. അതിനാല്‍ എന്‍ഡോസല്ഫാനെതിരെ ആര് കൊടി പിടിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം കൂടും. എന്നിട്ട് ഉറക്കെ വിളിച്ചു പറയും BAN ENDOSULFAN  

Friday, April 22, 2011

തിരൂര്‍ മീറ്റ്‌ അനുഭവങ്ങള്‍ പാളിച്ചകള്‍



                                      അങ്ങനെ ഞാനും പങ്കെടുത്തു ഒരു ബ്ലോഗേഴ്സ് മീറ്റില്‍. ബൂലോകത്തെ കുറെ ബ്ലോഗ്ഗെര്മാര്‍ ഭൂലോകത് ഒത്തു ചേര്‍ന്ന് കള്ളടിച്ചു  പിരിയുന്നതാണ് ബ്ലോഗേഴ്സ് മീറ്റ്‌ എന്ന് ചിലരെങ്കിലും കരുതുന്നുണ്ട് എങ്കില്‍ അവര്‍ക്ക് തെറ്റി. മലയാള ഭാഷയുടെ പിതാവ് തുഞ്ചന്റെ മണ്ണില്‍ മലയാളത്തെ സ്നേഹിക്കുന്ന മലയാളത്തിന്റെ മണമുള്ള ബ്ലോഗ്ഗെഴുത്തുകാര്‍ ഒത്തു ചേര്‍ന്നപ്പോള്‍ അത് ചരിത്രമായി. ബ്ലോഗ്ഗിങ്ങിനൊപ്പം പ്രചരിപ്പിക്കുന്നു ഒരു സംസ്കാരം എന്ന് വേണേല്‍ മനോരമീകരിച്ചു പറയാം.
                                മലയാളം ബ്ലോഗിങ്ങ് രംഗത്ത് പത്രക്കാരന്‍ എത്തി ചേര്‍ന്നിട്ട് അധിക കാലം ആയിട്ടില്ല. ബ്ലോഗ്‌ പുലികളുടെ പ്രധാന വിഹാരകേന്ദ്രങ്ങളായ ഗ്രൂപ്പുകളില്‍ ഒന്നും തന്നെ പത്രക്കാരന്‍ സജീവ സാന്നിധ്യവുമല്ല. ഞാനും എന്റെ ബ്ലോഗ്ഗും അഗ്രിഗേറ്റെരും എന്ന പിന്തിരിപ്പന്‍ മനോഭാവം പിന്തുടരുന്ന പത്രക്കാരന്‍ അതിനാലോക്കെ തന്നെ ഈ രംഗത്തെ മറ്റു ബ്ലോഗ്ഗെര്മാര്‍ക്ക് പോലും അത്ര പരിചിത മുഖമല്ല. അത് തന്നെ ആയിരുന്നു മീറ്റിനു പോകുമ്പോള്‍ എന്നെ ഏറ്റവും അലട്ടിയത്. എന്നാലും മോശമല്ലാത്ത വിറ്റുവരവുള്ള ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അല്‍പ സ്വല്പം അഹങ്കാരത്തോടെ തന്നെയാണ് നാട്ടില്‍ നിന്നും ട്രെയിന്‍ കയറിയത്. 5 രൂപ ടിക്കറ്റ്‌ എടുത്ത് തിരൂരില്‍ വണ്ടി ഇറങ്ങുമ്പോള്‍ സമയം 8 കഴിഞ്ഞേ ഉള്ളു. ഇവിടെ വണ്ടി ഇറങ്ങുന്ന ബ്ലോഗ്ഗെര്‍മാര്‍ അല്ലാത്ത സാധാരണക്കാരെ അല്പം അവഞ്ജയോടെ നോക്കി. ഒരു ബ്ലോഗ്ഗര്‍ ലുക്ക്‌ ഉള്ള ആരെ എങ്കിലും കിട്ടിയാല്‍ തുഞ്ചന്‍ പറമ്പിലേക്കുള്ള ഓട്ടോ ചാര്‍ജ് ലാഭിക്കാം എന്ന ചിന്തയില്‍  പത്രക്കാരന്‍ മുന്നോട്ട് നീങ്ങി. ആരെയും കണ്ടില്ല. അയ്യേ മോശം. എന്നെ പോലുള്ള ബ്ലോഗ്‌ പുലികള്‍ എഴുതുന്നതു വായിച്ചു കോരിതരിക്കാനെ നിനക്കൊക്കെ യോഗമുള്ളൂ. ജനകോടികള്‍ ആകാംക്ഷയോടെ വായിക്കുന്ന ബ്ലോഗ്‌ എഴുത്തുകാര്‍ ആയ ഇന്റര്‍നെറ്റ്‌ ലോകത്തെ അതികായന്മാര്‍ തൊട്ടടുത് ഒത്തുകൂടുമ്പോള്‍   സാധാരണക്കാരോട് വീണ്ടും പുച്ഛം.. അഹങ്കാരത്തിന്റെ  ഉത്തുങ്ക ശൃംഗങ്ങളില്‍ പത്രക്കാരന്‍ സഹബ്ലോഗ്ഗെര്‍മര്‍ക്കൊപ്പം എത്തി.  
                    ബ്ലോഗ്ഗെര്‍ക്കും വിശക്കുമല്ലോ? അങ്ങനെ ആര്‍കെ തിരൂരിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഹോട്ടലില്‍ കേറി പുട്ടും ഗ്രീന്‍പീസും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കൌണ്ടറില്‍ പൈസ കൊടുക്കുമ്പോള്‍  ഹോട്ടലുകാരനോട് തുഞ്ചന്‍ പറമ്പിലെക്കുള്ള വഴി ചോദിച്ചു. 
അത് കേട്ടിട്ടാകണം അടുത്ത സീറ്റില്‍ ഇരുന്നു ഭക്ഷണം  കഴിക്കുകയായിരുന്ന  ഒരു ബസ്‌ ഡ്രൈവര്‍ കൂട്ടുകാരനോട് ഒരു ചോദ്യം. "തുഞ്ചന്‍ പറമ്പില്‍ എന്തോ പരിപാടി ഉണ്ടല്ലോ?" കൂട്ടുകാരന്‍: "ആര്‍ക്കറിയാം? കമ്പ്യൂട്ടര്‍ന്റെ ആള്‍ക്കാരുടെ എന്തോ കുന്ത്രാണ്ടം ആണ്." 
നിന്ന നില്‍പ്പില്‍ കഴിച്ചത് മുഴുവന്‍ ദഹിച്ചു പോയോ എന്ന് സത്യമായിട്ടും എനിക്ക് തോന്നിപോയി. 
സര്‍വജ്ഞപീഠം കയറാന്‍ പോയ ശങ്കരാചാര്യരെ ആരാണ്ട് വഴിക്ക് വച്ച്  റാഗ് ചെയ്ത കഥ പോലായി. 
ബൂലോകത്തിന്റെ ഇട്ടാ വട്ടത്തു നടക്കുന്ന സംഭവങ്ങളെ ഭൂലോക സംഭവമാക്കി അഹങ്കരിക്കുന്ന ഏതെങ്കിലും ബ്ലോഗ്ഗര്‍ ഉണ്ടെങ്കില്‍ പറഞ്ഞോട്ടെ, ബൂലോകത്തെ മഹാസംഭവങ്ങള്‍ ഒന്നും ഭൂലോകതുള്ളവര്‍ അറിയുന്നു പോലുമില്ല!!!!! അത് കൊണ്ട്  ഭൂലോക സാഹിത്യകാരന്മാര്‍ ആയെന്നു കരുതിയിരിക്കുന്ന ബ്ലോഗ്‌ സുഹൃത്തുക്കളെ  ഓര്‍ക്കുക "കാക്ക കുളിച്ചാല്‍ കൊക്കാകില്ല"
ഇവിടെ ഇപ്പൊ ചമ്മിയത് ഞാന്‍ മാത്രമാണല്ലോ? ഈ സംസാരം കേള്‍ക്കാതെ ചരിത്ര സൃഷ്ടിക്കു ഒരുങ്ങുന്ന എന്റെ സഹബ്ലോഗ്ഗര്‍മാരെ തേടി ഞാന്‍ അങ്ങനെ ഒടുവില്‍ തുഞ്ചന്‍ പറമ്പിലെത്തി.         
                        പരിചിതമുഖമായി ആകെ ഉള്ള ജാബിര്‍ മലബാറി നിറഞ്ഞ ചിരിയോടെ വരവേറ്റു. പേരും വിലാസവും ബ്ലോഗ്‌ അഡ്രസ്സും ഒക്കെ എഴുതിക്കൊടുത്തു രെജിസ്ട്രേഷന്‍ ചെയ്തപ്പോ ഉണ്ടായ സന്തോഷം 250 രൂപ എണ്ണിക്കൊടുതപ്പോള്‍ പോയി. വിഷു കൈനീട്ടം ഗോവിന്ദ!!!
ജിക്കുമോനെയും മത്താപ്പിനെയും ആണ് ആദ്യം പരിചയപെട്ടത്‌. രണ്ടുപേരെയും ചില കമന്റ്‌ ഇടങ്ങളില്‍ അല്ലാതെ ബ്ലോഗുകള്‍ കണ്ടിട്ടില്ല എങ്കിലും പുലികള്‍ ആണെന്ന് അപ്പോളാണ് അറിഞ്ഞത്.  മത്താപ്പ് എന്റെ അടുത്ത നാട്ടുകാരന്‍ കൂടി ആണെന്നതും ഒരു പുതിയ അറിവായി.  വിനുവിനെയും ഫാറൂക്കിനെയും പരിചയപ്പെട്ടതും അപ്പോളാണ്.  ബി ടെക്കും ബ്ലോഗ്ഗിങ്ങും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്ന് അതോടെ വ്യക്തമായി. 
                                സദസ്സിനു മുന്നില്‍ ഉള്ള പരിചയപ്പെടുതലോടെ ബ്ലോഗേഴ്സ് മീറ്റിനു തുടക്കമായി. ആളെ കണ്ടാലും പേര് കേട്ടാലും ബ്ലോഗ്‌ ഓര്‍മയില്‍ വരാനുള്ള പ്രായം ആയിട്ടില്ലാത്തതിനാല്‍ പുലിയേതു സിംഹമേതു എന്നറിയാതെ അന്തം വിട്ടു ഞാനിരുന്നു. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. സമയ പരിമിതിയെ അംഗീകരിച്ചു കൊണ്ട് ആ ആഗ്രഹം ഒഴിവാക്കി. 
                       വിശ്വമാനവികം സജിം മാഷായിരുന്നു ഞാന്‍ നോക്കിയിരുന്ന ഒരാള്‍ . പരിചയപ്പെടല്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഉടന്‍ പുള്ളിയെ പോയി കണ്ടു, "ഓ ഞാന്‍ കരുതി പത്രക്കാരന്‍ കുറച്ചു കൂടി പ്രായമുള്ള ഒരാളാണെന്ന്. നീ ഇത്ര ചെറുതാണോ?" എന്നതായിരുന്നു ആദ്യ പ്രതികരണം. അതെനിക് നന്നായങ്ങ് ബോധിച്ചു. ആ സമയം അത് വഴി പോയ ഡോക്ടര്‍ ആര്‍കെ തിരൂര്‍നെ തടഞ്ഞു നിര്‍ത്തി പരിചയപെടുത്തി തന്നു കൊണ്ട് അവിടെ ഒരു അവൈലബിള്‍ പിബി തന്നെ കൂടി. മുന്‍ എസ്എഫ്ഐ ക്കാര്‍ ആയ അവര്‍ക്കൊപ്പം പൊതു രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനേയും കുറിച്ച് വിശദമായി സംസാരിച്ചു.
                                ഹബീബ് ചേട്ടന്‍ വിക്കി ക്ലാസ്സ്‌ എടുക്കുമ്പോള്‍ മലബാരിക്കും ജിക്കുവിനും ഒപ്പം സജീവേട്ടനെ കൊണ്ട് തലവര വരപ്പിക്കാന്‍ പോയി. സുന്ദരനായ എന്റെ കാരിക്കെചര്‍ വരക്കാന്‍ സജീവേട്ടന്‍ ഒട്ടും ബുദ്ധിമുട്ടിയില്ല. ആശിച്ചു മോഹിച്ചു ഇരുന്ന സുവനീരോ കിട്ടിയില്ല, ബ്ലോഗേഴ്സ് മീറ്റ്‌ന്റെ ഓര്‍മ്മക്കായി ഇതെങ്കില്‍ ഇത്. 
                        ഭക്ഷണ സമയം ആസ്വാദ്യകരം ആയിരുന്നു. ആദ്യത്തെ ട്രിപ്പില്‍ തന്നെ വയറു നിറച്ച ശേഷം ആര്‍ കെ തിരൂരിനൊപ്പം ഭക്ഷണം വിളമ്പാന്‍ കൂടി. ഇല ഏതു വശത്തേക് ഇടണം എന്നത് എപ്പോളും എന്നെ കുഴക്കുന്ന ഒരു സംശയമാണ്. അതും ഒരു വിധത്തില്‍ ഒപ്പിച്ചു. സഖാവ് വിഎസ്സിനോട് പൊരുതിയ ലതിക ചേച്ചിക്ക് മധുരം വേണ്ട എന്ന് പറഞ്ഞെങ്കിലും കൂട്ടുകറി കുറച്ചധികം വിളമ്പി കൊടുക്കാന്‍ മറന്നില്ല. 
                          കൂതറ ഹാഷിമിക്കയെ പരിചയപ്പെടുന്നത് അപ്പോളാണ്.  പ്രൊഫൈല്‍ ഫോട്ടോ ഒക്കെ കണ്ടപ്പോ ഇതിലും ചെറുപ്പക്കാരന്‍ ആയ ഒരാളെ ആണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.  കണ്ടവന്റെ ബ്ലോഗ്ഗില്‍ ഒക്കെ ചിതറിക്കിടക്കുന്ന കൂതറ കമന്‍റുകള്‍ ശേഖരിക്കുന്നതിന്റെയും കുക്കൂതറ എന്ന വാക്കിനു പേറ്റന്റ്‌ വാങ്ങിക്കുന്നതിന്റെയും സാധ്യതകളെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഹാഷിമിക്കയെ മുഖ്യാതിഥി ആക്കികൊണ്ട് ബ്ലോഗേഴ്സ് മീറ്റിനു ബദലായി ഒരു കംമെന്റെഴ്സ് മീറ്റ്‌ സംഖടിപ്പിക്കാന്‍ ഉള്ള നിര്‍ദേശവും ഞാന്‍ മുന്നോട്ട് വച്ചു.  
                         വിശ്രമമന്ദിരത്തില്‍ വച്ചാണ് ഉള്‍കാഴ്ച ബ്ലോഗ്ഗര്‍ എസ് എം സാദിക്കയെ പരിചയപ്പെടുന്നത്. എന്നെയും എന്റെ വീല്‍ചെയര്‍ നെയും കൊണ്ട് എന്റെ  മാരുതി 800 ഓടിച്ചു മീറ്റിനു വരാന്‍ ആരെങ്കിലും തയ്യാറാണോ എന്ന സാദിക്കയുടെ കമന്റ്‌ മീറ്റ്‌ ബ്ലോഗ്ഗില്‍ കണ്ടപ്പോളേ തീരുമാനിച്ചതാണ് ഇങ്ങേരെ ഒന്ന് പരിചയപ്പെടനം എന്ന്. ഇത്ര പ്രതികൂല അവസ്ഥയിലും ഇത്ര ദൂരം യാത്ര ചെയ്തെത്തിയ സാദിക്ക ഈ മീറ്റിന്റെ പൊതു വികാരത്തെ പ്രതിനിധീകരിക്കുന്നു.
                           പപ്പേട്ടന്റെ ക്ലാരയെ മനസ്സില്‍ കൊണ്ട് നടക്കുന്ന മഹേഷ്‌ വിജയനെ കണ്ടെത്തി. രണ്ടു പോസ്റ്റുകളോടെ ഇനി പെണ്ണ് കിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ മഹേഷേട്ടന് എന്റെ ആദരാഞ്ജലികള്‍..
                          ഇ എ ജബ്ബാര്‍ന്റെ വിവാദമായ ബ്ലോഗ്ഗുകള്‍ എന്നെ സംബധിച്ചിടത്തോളം ഒരു റഫറന്‍സ്  ഗ്രന്ഥം ആണ്. ഖുറാന്‍ വിമര്‍ശനം എന്നതിലുപരി അതിനെ സമീപിക്കുന്ന രീതിയും അതില്‍ ഉപയോഗിക്കുന്ന തീവ്രമായ ഭാഷയും അത്യന്തം അപകടകരമാണ് എന്ന് പറഞ്ഞപ്പോള്‍ ജബ്ബാറിക്ക തന്ന മറുപടി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ ചെറിയ മനുഷ്യന്റെ വലിയ ത്യാഗ മനോഭാവം അഭിനധിക്കാതിരിക്കാന്‍ വയ്യ. യുക്തിവാദത്തിന്റെ രാഷ്ട്രീയത്തെ പറ്റി ജബ്ബാറിക്ക പറഞ്ഞതും എന്നെ ഓര്‍മയില്‍ നില്‍ക്കുന്നു. അദ്ധേഹത്തിന്റെ ബ്ലോഗ്‌ ചില അറബ് രാഷ്ട്രങ്ങളില്‍ നിരോധിച്ചിരിക്കുന്നു എന്നറിഞ്ഞതോടെ എനിക്ക് പ്രവാസി മലയാളികളോട് തോന്നിയത് പുച്ചമാണോ സഹതാപമാണോ അതോ പുച്ഛം കലര്‍ന്ന സഹതാപം ആണോ എന്നോര്‍മയില്ല.
                         ഇനിയെന്ത് എന്ന് ചിന്തിച്ചു നടക്കുമ്പോളാണ് ജാബിറുമായി സംസാരിച്ചു നില്‍ക്കുന്ന നാമൂസ് നെ കാണുന്നത്. ഒരു ബ്ലോഗ്ഗെരുടെ അല്ല, രാഷ്തിയക്കാന്റെ ലുക്ക്‌ ആണല്ലോ ഭായ് നിങ്ങള്‍ക്ക് എന്ന് പറഞ്ഞു പരിചയപ്പെട്ടതേ ഓര്‍മയുള്ളൂ. നാമൂസിന്റെ രാഷ്ട്രീയം പുറത്തേക്കൊഴുകി. അല്പം ഒന്ന് മാറി നിന്ന് സംസാരിക്കാം എന്ന് പറഞ്ഞതിന് നാമൂസ് എന്നെയും കൊണ്ട് പുറത്തെ റോഡില്‍ എത്തി. അവിടെ ഉള്ള തട്ടുകടയില്‍ വച്ചു ഞങ്ങള്‍ ഞങ്ങളുടെ രാഷ്ടീയവും കൊച്ചു ദുശീലവും പങ്കുവച്ചു. ദുശീലം ഇല്ലാത്ത  മാന്യനായ മലബാരിക്ക് നാരങ്ങ വെള്ളം വാങ്ങികൊടുക്കാനും നാമൂസ് മറന്നില്ല.ഗാന്ധിയെയും  അംബേദ്കറിസതിന്റെ  സാധ്യതകളെയും  പറ്റി നാമൂസ് വാതോരാതെ സംസാരിച്ചു.  വിപ്ലവത്തിന്റെ വഴികളില്‍ എവിടെ വച്ചെങ്കിലും കണ്ടു മുട്ടാം എന്ന് പറഞ്ഞു നാമൂസിന് നല്ല നമസ്കാരം പറഞ്ഞു.
                           കൂട്ടത്തില്‍ ബ്ലോഗ്ഗര്‍ അല്ലാത്ത ഒരു വ്യക്തിയെ കൂടി കണ്ടു മുട്ടാന്‍ സാധിച്ചു. കാലിക്കറ്റ്‌ യുനീവേര്‍സിറ്റി ഇന്റര്‍സോണ്‍ ക്വിസ് മത്സരവേദിയില്‍ ഞങ്ങള്‍ സംഘാടകരെ  അല്പം വെള്ളം കുടിപ്പിച്ച സക്കീര്‍ എന്ന വടകരക്കാരന്‍ വഴിപോക്കന്‍. വഴിപോക്കന്‍ എന്ന് പറഞ്ഞത് വെറുതെയല്ല. ഇന്റര്‍സോണ്‍ ക്വിസ് കുറച്ചു റൌണ്ടുകള്‍ കഴിഞ്ഞപ്പോ പല മത്സരാര്‍ഥികളെകാളും പോയിന്റ്‌ സദസ്സില്‍ ഇരുന്ന സക്കീര്‍നായിരുന്നു. അവസാനം ഇയാള്‍ക്ക് കപ്പ്‌ നല്‍കേണ്ടി വരുമോ എന്ന് ഞങ്ങളും പേടിച്ചു. ക്വിസ് മാസ്റ്റര്‍ ഫസല്‍ ഗഫൂര്‍ സാറിനെ വരെ അത്ഭുതപ്പെടുത്തിയ പ്രതിഭയെ അവിടെ വച്ചു പരിചയപ്പെടാന്‍ പറ്റിയില്ല. അന്നത്തെ അതെ അശ്രദ്ധമായ വസ്ത്രദാരണതോടെ ഇവിടെ എത്തിയ സക്കീര്നിനെ പരിചയപെട്ടു. വ്യക്തമായ ഒരു മറുപടി അപ്പോളും ഇല്ല. ഒടുവില്‍ സക്കീര്‍ന്റെ നാട്ടുകാരനായ ഒരു ബ്ലോഗ്ഗര്‍ വഴിയാണ് പുള്ളി നാട്ടിലും പുലിയാണെന്ന് മനസ്സിലായത്. ഗ്രാമീണവായനശാല മത്സരങ്ങളില്‍ സ്ഥിരം വിജയിയായ ഒരു സാധാരണ കച്ചവടക്കാരന്‍. വൈകീട്ട് തിരിച്ചു പോകാന്‍ ട്രെയിന്‍ സമയം ഫോണ്‍ ചെയ്തു അന്വേഷിക്കാന്‍ പുള്ളി എന്നോട് ആവശ്യപ്പെട്ടു. മൊബൈല്‍ ഉപയോഗിക്കുന്നില്ല എന്നും അതോടെ വ്യക്തമായി. ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ഉപദേശിച്ചു കൊണ്ട് സക്കീര്‍നോട്‌ വിട പറഞ്ഞു.

കുറച്ചു വിമര്‍ശനം...

                             പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞതോടെ പലരും ഹാളിനു പുറത്തു ചാടിയിരുന്നു. പുറത്തെ വരാന്തയും അടുത്തുള്ള മരതണലുകളും പരിചയപ്പെടലുകാരെ കൊണ്ടും വിശേഷം പറച്ചില്കാരെ കൊണ്ടും നിറഞ്ഞു.  അകത്തൊരു മീറ്റും പുറത്ത് അതിനേക്കാള്‍ വലിയ മീറ്റും എന്ന അവസ്ഥ അവിടെ തുടങ്ങി. സങ്കാടകര്‍ അറിഞ്ഞോ അറിയാതെയോ  ഈ മീറ്റിന്റെ ഏറ്റവും വലിയ വിജയവും പരാജയവും അതായിരുന്നു. ബൂലോകത്ത് സകലമാന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന, തല്ലു കൂടുന്ന, കൂട്ട് കൂടുന്ന, ബ്ലോഗ്ഗര്‍മാര്‍ക്ക് ഭൂലോകത്തും അതിനുള്ള അവസരം ഒരുക്കി കൊടുക്കാന്‍ നമുക്ക് സാധിക്കാതെ പോയി. നൂറില്‍ പരം ബ്ലോഗ്ഗെര്മാര്‍ ചെറു കൂട്ടങ്ങളായി മാറി വിശേഷങ്ങള്‍ പങ്കു വച്ചതല്ലാതെ ഒന്നിച്ചൊരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഏതെങ്കിലും ഒരു വിഷയത്തിലോ അല്ലെങ്കില്‍ പൊതുവായ കാര്യങ്ങളിലോ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വച്ചിരുന്നു എങ്കില്‍ അത് എത്ര നന്നായേനെ?  എന്നാല്‍ അതിനു പകരം പുത്തന്‍ ബ്ലോഗ്ഗെര്മാരെ ആകര്‍ഷിക്കാനായി ഉള്ള പരിപാടികള്‍ക്കാണ് നമ്മള്‍ മുന്‍‌തൂക്കം നല്‍കിയത്. ബ്ലോഗേഴ്സ് മീറ്റ് എന്നതിനപ്പുറം ബ്ലോഗ്‌ ശില്പശാല എന്നാ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. നിലവിലുള്ള ബ്ലോഗ്ഗെര്മാരെ സംബന്ധിച്ചിടത്തോളം ഉച്ചക്ക് ശേഷമുള്ള സെഷനുകള്‍ താല്പര്യം ഉളവാക്കിയില്ല. അതെന്തായാലും നന്നായി. പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും നല്ല അവസരമായി. ബ്ലോഗ്ഗിഗിനെ പറ്റി അറിയാന്‍ എത്തിയ സുഹൃത്തുക്കള്‍ക്കും നന്ദി പറയാതെ വയ്യ.
                                 അതി ഗംഭീരമായി ഈ മീറ്റ്‌ സംഘടിപ്പിച്ച  സംഘാടകര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അതുപോലെ മീറ്റില്‍ പങ്കെടുത്തു അതിനെ ജനങ്ങളില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി.
                       മീറ്റ് കഴിഞ്ഞിട്ട് ദിവസം നാലായി എങ്കിലും പൊതുവേ ഉള്ള മടിയും നെറ്റ് രണ്ടു ദിവസം പണി മുടക്കിയതും കൊണ്ടാണ് പോസ്റ്റ്‌ ഇത്ര വൈകിയത്. പിന്നെ മീറ്റിനു വന്ന ഏതാണ്ട് എല്ലാരും പോസ്റ്റ്‌ ഇട്ട സ്ഥിധിക്ക് ഞാനും ഇടാതെ വയ്യ എന്നത് കൊണ്ട് ഇട്ടതാണ്. 


ലാസ്റ്റ് എഡിഷന്‍: സുവനീര് വേണമെന്ന് പറഞ്ഞപ്പോ പോന്മാളക്കാരന്‍ ശുഷ്കാന്തിയോടെ പൈസ വാങ്ങി പെട്ടിയിലാക്കി. പിന്നെ മുഖത്ത് പോലും നോക്കാതെ  ഒരു വെള്ള പേപ്പര്‍ തന്നിട്ട് പേരും വിലാസവും എഴുതാന്‍ പറഞ്ഞു. സുവനീര് വരുവാ ?  

Thursday, April 14, 2011

കാവ്യ ചെയ്തതും രാമചന്ദ്രന്‍ മാസ്റ്റര്‍ ചെയ്യാത്തതും

                          കാവ്യ ചെയ്തതും രാമചന്ദ്രന്‍ മാസ്റ്റര്‍ ചെയ്യാത്തതും ആയ സാധനം എന്താണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു, "വോട്ട്"..
മൊത്തം വോട്ടര്‍മാരില്‍ മുക്കാല്‍ ഭാഗം മാത്രമാണ് തങ്ങളുടെ സമ്മതി ദാനം ചെയ്യാന്‍ ഉള്ള അവകാശം വിനിയോഗിച്ചത് എന്നാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് എന്നതിനാല്‍ വോട്ട് ചെയ്തവരും ചെയ്യാത്തവരും ആയി ഒരു പാട് പേര്‍ വേറെയം ഉണ്ടെങ്കിലും ഈ പറഞ്ഞ രണ്ടു പേരുടെ നിലപാടുകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു.
                              ഒരാള്‍ സുപ്രസിദ്ധ സിനിമ താരം ആണ്. മറ്റേ ആള്‍ സുപ്രസിദ്ധ രാഷ്ട്രിയ നേതാവും മുന്‍മന്ത്രിയും. ജനാതിപത്യത്തിന്റെ ഏതു അളവ് കോല്‍ വച്ച് അളന്നാലും സില്‍മക്കാരെക്കാള്‍ മുകളില്‍ ആണ് ജനപ്രതിനിധിയുടെ സ്ഥാനം എന്നാണു എന്റെ പരിമിതമായ അറിവ്. അങ്ങനെ ആകുമ്പോള്‍ ഇവരില്‍ ഒരാളുടെ വോട്ടിടല്‍ ബൂലോകമാകെ ചര്‍ച്ച ചെയ്യപ്പെടുകയും മറ്റേതു മറവിയുടെ ചവറ്റു കോട്ടയില്‍ എറിയപ്പെടുകയും ചെയ്യുന്നത് ഒരു നല്ല ലക്ഷണം ആയി കാണാനാകില്ല. അതിനു പിന്നിലെ രാഷ്ട്രീയമോ മറ്റോ എന്തുമാകട്ടെ, സ്വതന്ത്രമാധ്യമം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മണ്ണാങ്കട്ട   എന്നൊക്കെ നമ്മള്‍ തന്നെ പറയുന്ന, വിശ്വസിക്കുന്ന മലയാളം ബ്ലോഗ്‌ ലോകം ഇത്തരത്തില്‍ ഒരു വിവേചനം കാണിച്ചത് തീര്‍ച്ചയായും പരിശോധിക്കപ്പെടെണ്ടിയിരിക്കുന്നു. 
                               
                                മുഖ്യധാര മാധ്യമങ്ങളെ സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ് അവരുടെ റേറ്റിംഗ്. മറ്റുള്ളവര്‍ കാണിക്കുന്ന എന്ത് വാര്‍ത്ത‍ ആയാലും അത് അതിനേക്കാള്‍ പ്രാധാന്യത്തോടെ കൂടുതല്‍ വിശദാംശങ്ങളോടെ ജനങ്ങളില്‍ എത്തിച്ചു അവരെ തങ്ങളുടെ ഫ്രീക്വന്സിയില്‍ എത്തിക്കുക എന്നതാണ് ഓരോ മാധ്യമപ്രവര്‍ത്തകന്റെയും   അടിസ്ഥാന ധര്‍മ്മമായി അവര്‍ തന്നെ കണക്കാക്കിയിരിക്കുന്നത്. അവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങള്‍ ആണ് അതിനു അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ബ്ലോഗ്ഗെര്‍മാരോ? മുഖ്യധാരയുടെ ബദല്‍ എന്നൊക്കെ അവകാശപ്പെടുന്ന ബ്ലോഗ്‌ സമൂഹത്തില്‍ മുഖ്യധാരയെ ബാധിച്ച അതെ അര്‍ബുദം ബാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്നലെ കണ്ടത്. കാവ്യയുടെ വോട്ടിടല്‍ മഹാമഹം അതിഗംഭീരമായി ബൂലോകം കൊണ്ടാടി. അഗ്രിഗെറ്റരുകകളില്‍ ഈ വിഷയത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ നിറഞ്ഞാടി. ബൂലോകത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ തുടങ്ങി വച്ച പോസ്റ്റിംഗ് പരിപാടി ബ്ലോഗ്‌ ലോകമാകെ ഏറ്റെടുത്തു. ആദ്യ പോസ്റ്റ്‌ വരുമ്പോ നൂറില്‍ താഴെ ആളുകള്‍ മാത്രം കണ്ട ആ വീഡിയോ ഇപ്പൊ ഏതാണ്ട് ഏഴായിരം പേര്‍ കണ്ടു കഴിഞ്ഞു എന്നത് തന്നെ ആണ് അതിന്റെ ജനസമ്മതിക്ക് കാരണം. 

                                 ഒരു ബ്ലോഗ്ഗില്‍ ഒരു വിഷയത്തെ പറ്റി പോസ്റ്റ്‌ വരികയും അത് ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത സ്ഥിതിക് മറ്റു ബ്ലോഗ്ഗെര്മാര്‍ എല്ലാം മത്സരിച്ചു ആ വിഷയം ഏറ്റെടുക്കുകയാണ് ഉണ്ടായത്. എഴുതിയ എല്ലാവര്ക്കും വയറു നിറച്ചു ഹിറ്റുകളും കമന്റ്‌കളും കിട്ടി. അവന്‍ ഇട്ട സ്ഥിധിക്ക് ഞാന്‍ അത് ഇട്ടില്ലെങ്കില്‍ എന്റെ ഇമേജ് നെ ബാധിക്കും എന്ന ഒരൊറ്റ ചിന്തയാണ് ഇവരെ നയിച്ചെതെന്നു പറയാതിരിക്കാന്‍ ആകില്ല.  ബ്ലോഗ്ഗ് ലോകത്തെ ഏറ്റവും മോശം പ്രവണതകളില്‍ ഒന്നാണ് ഇതെന്ന് പറയേണ്ടി വരും. ഒരു വിഷയത്തെ പറ്റി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപാധി എന്ന നിലയില്‍ ഒരേ വിഷയത്തെ പറ്റി മുപ്പത്തിമുക്കോടി ബ്ലോഗ്ഗെര്‍മാര്‍ക്കും പോസ്റ്റ്‌ ഇടാന്‍ അധികാരം ഉണ്ട്. പക്ഷെ തിരഞ്ഞെടുക്കുന്ന വിഷയത്തെ  കൂടി കണക്കിലെടുക്കേണ്ടി വരും. ഒരു തിരഞ്ഞെടുപ്പ് രാത്രിയില്‍ ഘോര ഘോരം ചര്‍ച്ച ചെയ്യപെടെണ്ട വിഷയം ആയിരുന്നോ അത് എന്ന് മാത്രമാണ് എന്റെ സംശയം.
                            
                                 കാവ്യ വോട്ട് ചെയ്യുന്നതോ ചെയ്യത്തതോ ഇന്നാട്ടിലെ ജനാതിപത്യ വ്യവസ്ഥയെ പ്രത്യേകിച്ചൊരു തരത്തിലും ബാധിക്കില്ല എന്നതാണ് എനിക്ക് തോന്നുന്നത്. ഈ പ്രായം ആയിട്ടും കന്നി വോട്ട് ചെയ്യാനാണ് അവര്‍ വന്നത് എന്നാണു മനസ്സിലാക്കാന്‍ ആയതു. തിരക്കുള്ള ഒരു നടി എന്ന നിലയില്‍ അവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ആവാം കാരണം. എന്തായാലും രാഷ്ട്രീയവുമായി അവര്‍ക്കുള്ള ബന്ധം എന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഇത്തവണ സിനിമ രംഗത്തെ സഹപ്രവര്‍ത്തകനായ ശ്രീ ഗണേഷ് കുമാറിന് വേണ്ടി ദിലീപിനൊപ്പം പ്രചാരനതിനിറങ്ങി എന്നത് മാത്രമാണ്. അതില്‍ യാതൊരു രാഷ്ട്രീയവും ഉണ്ടാകാന്‍ ഇടയില്ലെന്ന് മാത്രമല്ല കേവല ആകര്‍ഷനതിനപ്പുരം  പ്രബുദ്ധകേരളത്തില്‍ ഒറ്റ വോട്ട് പോലും അതിനാല്‍ സ്വാധീനിക്കപെടാനും പോകുന്നില്ല. ക്യു നില്‍ക്കാത്ത കാവ്യയും പ്രതിഷേധിച്ച ചെറുപ്പക്കാരനും തെരഞ്ഞെടുപ്പു ദിനത്തില്‍ മറ്റെന്തിനെക്കാളും ഏറെ ബൂലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ട സ്ഥിതിക് അതിന്റെ  ശരിതെറ്റുകളിലേക്ക് പോകാന്‍ പത്രക്കാരന്‍ ആഗ്രഹിക്കുന്നില്ല. 

                            എന്നാല്‍ ഇതേ ദിവസം സംഭവിച്ച മറ്റൊരു വാര്‍ത്ത‍ പൂര്‍ണ്ണമായും തമസ്ക്കരിക്കപ്പെട്ടതും ഇതിനോട് കൂട്ടി വായിക്കേണ്ടി ഇരിക്കുന്നു. മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ താന്‍ വോട്ട് ചെയ്യുന്നില്ല എന്ന പ്രക്യാപനത്തോടെ ശ്രദ്ധയാകര്‍ഷിച്ചതു ബൂലോക സുഹൃത്തുക്കള്‍ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു. അടുത്ത കാലത്ത് യുഡിഎഫിന്റെ  ഭാഗമായ വീരനും മകനുമെതിരെ ഉള്ള പ്രതിഷേധമായിരുന്നു അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത്. കോടീശ്വരന്‍മാരായ വീരനും പുത്രനും ജനങ്ങളുമായി ബന്ധമില്ലെന്നും അവരെ ജയിപ്പിക്കേണ്ട ബാധ്യത സാധാരണക്കാരായ യുഡിഎഫ് പ്രവര്തകര്‍ക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.  യുഡിഎഫ് ന്റെ രണ്ടു മുന്‍നിര നേതാക്കള്‍ക്കെതിരെ ഗൌരവകരമായ ആരോപനങ്ങലുമായി  രംഗത്തെത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂട് പിടിപ്പിച്ച മാസ്റ്ററുടെ ഈ പ്രതികരണത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കവരും കണ്ടത് പോലുമില്ല. ബ്ലോഗ്‌ ലോകവും ഇതിനെ അവഗണിച്ചത് ശരിയായില്ല.  

                             കാവ്യയെ പോലെ അല്ല, കേരള രാഷ്ട്രീയത്തിലെ തന്നെ പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒന്നാണ്  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രി എന്ന നിലയില്‍ കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍. കേവലം സീറ്റ്‌ നിഷേധത്തിന്റെ പേരിലാണ് അദ്ദേഹം ഇത്തരം നിലപാട് എടുത്തത്‌ എന്ന വാദം വിലപ്പോകാതത്തിനു കാരണം അദ്ദേഹം ഉന്നയിച്ച ആരോപനഗളുടെ സ്വഭാവം തന്നെയാണ്.  യുഡിഎഫില്‍ നിലനില്‍ക്കുന്ന ജീര്‍ണ്ണതകള്‍ തുറന്നു പറഞ്ഞ രാമചന്ദ്രന്‍ മാസ്റ്റര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിങ്ങിപൊട്ടിയത് പോലും ജനങ്ങളില്‍ എത്തിക്കാന്‍ മടി കാണിച്ച മാധ്യമങ്ങള്‍ക്കെതിരെ ബദല്‍ ആകുകയായിരുന്നു ബ്ലോഗ്‌ ലോകം ചെയ്യേണ്ടിയിരുന്നത്.   അമിതമായ രാഷ്ട്രീയ അടിമത്തം  നിക്ഷ്പക്ഷ ബ്ലോഗ്ഗെര്മാരെ ബാധിക്കുന്നത് ശരിയായ പ്രവണതയായി കാണാനാകില്ല.

 ലാസ്റ്റ് എഡിഷന്‍:   ബൂലോകത്തെ പുലികളെ അപ്പാടെ വിമര്‍ശിച്ചു ആളാകാന്‍ വേണ്ടി പറഞ്ഞതല്ല. ബ്ലോഗ്‌ ലോകത്തെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകളെ ഒന്ന് തോണ്ടി എന്ന് മാത്രം.  എന്നെ തരം താഴ്ത്തിക്കളയരുത്. 

Tuesday, April 12, 2011

എല്‍ഡിഎഫിന് ആര് വോട്ട് ചെയ്യാന്‍?

അല്ല കോയാ ഇന്നലെ പൊതുയോഗത്തിന് എമ്പാടും ജനം വന്നിട്ട് അണക്ക് നല്ല കച്ചോടം കിട്ടീന്നു കേട്ടല്ലോ? ഇക്കണക്കിനു ഇക്കൂട്ടരുടെ ഭരണം മാറൂലെ?  
ഇങ്ങളൊന്നു പോയ്ക്കാണി ഹാജ്യാരേ, ഈ ആളോളെ കൂട്ടീട്ടോന്നും ഒരു കാര്യോല്ല്യ.  ഞമ്മടെ നാട്ടില് എങ്ങനെ തലകുത്തി മറിഞ്ഞാലും 5 വര്‍ഷം കയിഞ്ഞാ അക്കൂട്ടരെ ഞമ്മള് പൊറത്താക്കും. ഇങ്ങട്ട് മറ്റേ കൂട്ടരെ കൊണ്ട് ബരും, പിന്നെ ഒരേം മാറ്റി പയോരെ തിരിച്ചു കൊണ്ടോരും. ആ ഒരു പരിപാടി  തന്നെ ഇക്കുറീം ഇണ്ടാവൂ.

അതൊന്നും അല്ല കോയാ. ഒരു ചായ ഇങ്ങട്ടെടുത്താ.  ഇയ്ക്ക് തോന്നണത് ഇപ്പ്രാവശ്യം അങ്ങനെ ആവൂല എന്നാ, കൊറേ ആളോള് ഇത്തവണേം ഇവര്‍ക്ക് തന്നെ കുത്താനാ സാധ്യത.
ഇങ്ങക്ക് എന്തിന്റെ കേടാ ഹാജ്യാരേ?  ഇബരടെ ആള്‍ക്കാരല്ലാതെ ആരാ ഈ പറേണ എല്‍ഡിഎഫ് നു വോട്ട് ചെയ്യാ?
അത് ഇജ്ജ് പറേരുത് കോയാ. ഈ പാര്ട്ടിടെ ഭരണം കൊണ്ട് മെച്ചം കിട്ട്യോരെന്ന്യ ഞാനും ഇജ്ജും ഒക്കെ. ആ നന്ദി കാണിക്കണം എന്ന് ഇന്നാട്ടിലെ ആളോളൊക്കെ തീരുമാനിച്ച ഇവര് എങ്ങനായാലും ജയിക്കും. 
മെച്ചം കിട്ട്യോരോ? ഹ ഹ ഇങ്ങള് എന്താ ഹാജ്യാരേ ഇപ്പറേണേ? എന്നാ ഇങ്ങള് തന്നെ പറയ്‌, എല്‍ഡിഎഫ്ഫിനൊക്കെ  ആരാ വോട്ട് ചെയ്യാ?
ആ അങ്ങനെ ചോദിക്ക്.  
നെനക്ക് ഓര്‍മയില്ലേ എത്ര കര്‍ഷകരാ കയിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്തെ?  എന്തെങ്കിലും ചെയ്യാന്‍ പറ്റിയോ അക്കൂട്ടര്‍ക്ക്? എന്നാ ഇക്കൂട്ടരു അധികാരത്തില്‍ വന്ന ഉടനെ എന്തെ ചെയ്തെന്നറിയോ? കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ കൊണ്ട് വന്നു കാര്യങ്ങള്‍ ഒക്കെ ലെവലാകി, എന്നിട്ടോ എത്ര ഉരുപ്പ്യെന്റെ കാര്‍ഷിക കടാ എഴുതി തള്ളിയെ? എത്ര കുടുംബാ അതോണ്ട് രക്ഷപ്പെട്ടെ? എന്തിനാ വേറെ പറേനെ? ഇയ്യാ സഹകരണ ബാങ്കീന്നെടുത്ത കടം ഒഴിവായില്ല്ലെന്ന്? അപ്പൊ കര്‍ഷകര് ഇബരിക്ക് വോട്ട് ചെയ്യണ്ടേ?

ക്ഷേമനിധിന്റെ പൈസയോ? അന്റെ ഉമ്മ മരിക്കെണേന്റെ അന്നും കൂടി ചോയിച്ചില്ലേ മാനേ ആ പൈസ വന്നോ എന്ന്? തന്നോ അന്റെ യുഡിഎഫ്ഫുക്കാര്. നൂറ്റി ഇരുപതു ഉറുപ്പ്യ ഉണ്ടായിരുന്നത് 400 രൂപ ആക്കി 28 മാസത്തെ കുടിശിക അടക്കം  തന്നില്ലേ ഇവര്? ഇനി ഇപ്പ അത് 1000 ആക്കാന്‍ പോണൂത്രേ. കൈത്തറി, ആഭരണം, തുടങ്ങി പ്രവാസികള്‍ക്ക് വരെ ക്ഷേമനിധി തുടങ്ങീല്ലേ ? പിന്നെന്താ വോട്ട് ചെയ്താ?

രാജ്യത്താകെ വിലക്കയറ്റം ഉണ്ടായപ്പോ കുറച്ചെങ്കിലും സമാധാനം കിട്ടിയത് ഈ സര്‍ക്കാര് കാരണം അല്ലെ? അരിക്കട വഴി അരി, സപ്ലൈകോ, മാവേലി, നീതി സ്റ്റോര്‍ ഒക്കെ വഴി വെലക്കൊറവില്  സാധനം വാങ്ങ്യേത് ഞമ്മള്‍ രണ്ടാളും കൂടി അല്ലെടോ? 
ആ കേന്ദ്രക്കാര് നോക്കീട്ടു കണ്ടത് വെറും 10 ലക്ഷം ബിപിഎല്ല് കാരെ.എഇബരല്ലേ ഞമ്മളെ ഒക്കെ ബിപിഎല്ലില്‍ പെടുതീട്ടു രണ്ടു ഉറുപ്പ്യെന്റെ അരി തന്നത്?   മറക്കാന്‍ പറ്റൊടോ അതൊക്കെ?
ഇപ്പോളോ 2 ഉറുപ്പ്യക്ക്‌ നാട്ടിലെ എല്ലാര്‍ക്കും അരി കൊടുക്കാന്‍ തീരുമാനിച്ചില്ലേ ഇവര്? അത് കൂടി ഇല്ല്യണ്ടാക്കല്ലേ മറ്റൊരു ചെയ്തെ ?  എന്താ അനക്ക്‌ അയില് പറയാന്‍ ഉള്ളത്? 

ഇമ്മടെ ഈ നാട്ടില് മുഴുവന്‍ കറന്റ്‌ കൊണ്ട് വന്നത് ആരാ? അതും ഒരു കട്ടും മുട്ടും ഇല്ലാതെ എപ്പോളും കറന്റ്‌. അയിന്റെ സര്‍ചാര്‍ജ് എടുത്തു കളഞോണ്ട് പൈസേം കൊറവ്.
എല്ലാര്‍ക്കും സിഎഫ്എല്‍ ബള്‍ബ്‌ കൊടുത്തുകൊണ്ട് കറന്റ്‌ നഷ്ടം കുറച്ചില്ലേ?

ഇയ്യാ സര്ക്കാര് ആശുപത്രിലേക്ക് ഒന്ന് നോക്കാ. എന്താ അവിടത്തെ ഒരു മാറ്റം? പണ്ടൊക്കെ എന്ത്  അസുഗം പറഞ്ഞു ചെന്നാലും ഒരേ മരുന്നാ  കിട്ടാ. ഓയില്‍മെന്റ് ഒക്കെ ഒരു ട്യുബില്‍ നിന്ന് കടലാസിലേക്ക് പീച്ചി തരല്ലേ ഇന്‍ണ്ടാര്‍ന്നെ? ഇപ്പോളോ എന്തോളം മരുന്നോള?  എല്ലാ മിഷേനുകളും ഉണ്ട് ഇപ്പൊ അവടെ.  ഓരുടെ എടെക്കൂടെ ഉള്ള പരിപാടി അവസാനിപ്പിച്ചു  നല്ല ശമ്പളവും കൊടുതോന്ദ് ഡോക്ടര്‍മാരും ഉണ്ടാകും എപ്പോ ചെന്നാലും. 

ഒന്നര ലക്ഷം ആള്‍ക്കാര്‍ക്കാ പട്ടയം നല്‍കിയത്. ഇഎംഎസ് പരിപാടി വഴി നാട്ടിലെ എല്ലാര്‍ക്കും വീട്. ഈ രാജ്യത്ത് എവിടെ എങ്കിലും ഉണ്ടോ അങ്ങനെ?
വിദ്യാഭ്യാസ മേഖലയോ? എന്തായിരുന്നു അന്റെ ആന്റണിയും ബഷീറും സൂപ്പിയും ഒക്കെ കൂടി കാട്ടി കൂട്ടിയെ? ഇപ്പോളോ? പുസ്തകവും യുനിഫോരവും ഒക്കെ ഫ്രീ കൊടുക്കനില്ലേ?  പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും എത്ര സര്‍ക്കാര് സ്കൂളാ തുടങ്ങിയെ? ചെറിയെ കുട്ട്യോള് വരെ കമ്പ്യൂട്ടര്‍ പഠിച്ചില്ലേ? കുട്ട്യോള്‍ക്ക് വേണ്ടി ഒരു ചാനല്‍ വരെ തുടങ്ങി.

ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും പേരില്‍ 10000 ഉരുപ്പ്യല്ലേ ബാങ്കില്‍ ഇടുന്നത്? അയിന്റെ പലിശ കൂടി കൂട്ടിയാ പ്രായപൂര്‍ത്തിആകുമ്പോ ഓരോ കുട്ടിം ലക്ഷപ്രഭു ആവൂലെടോ? എവെടെകിലും കേട്ടിട്ടുണ്ടോ ഇതൊക്കെ ?  അന്റെ സൈനബാടെ കുട്ടിക്കും കിട്ടൂലെ ആ പൈസ? 

മത്സ്യ തൊഴിലാളികളുടെ 394 കോടി കടം അല്ലെ എഴുതി തല്ല്യേതു? 37000
ഏക്കര്‍ തരിശു ഭൂമിയാ കൃഷിതുടങ്ങിയെ. അന്റെ സര്‍ക്കാര് കൊടുതെന്റെ ഇരട്ടി വിലക്കാ നെല്ല് ശേഖരിച്ചത്. 

 എന്‍ഡോസന്ള്‍ഫാന്റെ കാര്യോ? എത്ര ആള്‍ക്കാര അതോണ്ട ചത്ത്‌ ജീവിക്കുന്നെ? ഇങ്ങള് എന്താ ചെയ്തെ? അത് കുഴപ്പമില്ലാത സാധനം ആണെന്നല്ലേ പറഞ്ഞെ? അന്റെ ആള്‍ക്കാര് പറേണു കേട്ട തോന്നും ഒരു നാല് നേരം അതാ  കുടിക്കുന്നത് എന്ന്.

കെഎസ്ആര്‍ടിസിന്റെ കാര്യോ ? എത്ര പുതിയ വണ്ടിയ ഇറക്കിയെ? എത്ര ആള്‍ക്കാര്‍ക ജോലി കൊടുത്തെ? എന്നിട്ടും എത്രയ ലാഭം? ഇത്ര കാലം കടത്തിന്റെ കണക്ക് മാത്രമല്ലെ അവിടെന്നു കേട്ടിട്ടുള്ളൂ ? 

പിന്നെ സ്മാര്‍ട്ട്‌ സിറ്റി. അന്റെ ആന്റണിയും ചാണ്ടിയും കൂടി വിറ്റു തോലക്കാന്‍ പോയ ഇന്‍ഫോപാര്‍ക്ക്‌ ലാഭത്തിലാക്കി, ഇങ്ങള് പറഞ്ഞേനെക്കാ മൂന്നിരട്ടി ആളോളൊക്ക് ജോലി ഉറപ്പിച്ചു, കാല്‍ ഭാഗം സര്‍ക്കാര്‍ ഓഹരിയില്‍  നല്ല വെടിപ്പായിട്ടല്ലേ  അത് നടപ്പാക്കുന്നത്?  
ഈ നാട് മുഴുവന്‍ മാന്ദ്യം മാന്ദ്യം എന്ന് പറയുമ്പോളും കേരളത്തിന്റെ ഐടി മേഖല അഞ്ചു മടങ്ങ്‌ വികസനം അല്ലെ നേടിയത്? കൊയിക്കോടെ സൈബര്‍പാര്‍ക്ക്‌, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കൊട്, ചേര്‍ത്തല, കൊരട്ടി, കൊല്ലം, ഐടി പാര്‍ക്കുകള്‍. കുതിക്കല്ലേ നമ്മുടെ നാട് ഐടി മേഖലേല്? ഇബടെ പടിച്ചെറങ്ങുന്ന കുട്ട്യോല്‍ക്കെല്ലാം ജോലി ഉറപ്പാക്കാന ഇതൊക്കെ ചെയ്യണേ

അന്റെ ആള്‍ക്കാര് വില്‍ക്കാന്‍ വച്ച എത്ര പൊതുമേഖല സ്ഥാപങ്ങലാ ഇവര് തുറന്നു ലാഭാതിലാക്കിയത്? 
സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ? രണ്ടു തവണ അല്ലെ ശമ്പളം കൂട്ടികൊടുത്തത് ?
.
 പാവപ്പെട്ടവന്റെ കയ്യില്‍ നിന്നും ഒരു ഉറുപ്പ്യെന്റെ നികുതി കൂട്ടാതെ അല്ലെ ഈ കണ്ട പൈസ ഒക്കെ ഇവര് കണ്ടെത്തിയത്? വാളയാര് വഴി എത്ര ഉരുപ്പ്യെറെ തട്ടിപ്പാ നടന്നിരുന്നെത് ? സര്‍ക്കാരിന് കിട്ടേണ്ട പൈസ കണക്കു പറഞ്ഞു കുത്തിനു പിടിച്ചു മേടിക്കാന്‍ ധൈര്യം കാണിച്ച സര്‍ക്കാരല്ലേ ഇത്?  ഇപ്പൊ ആ പൈസ ഒക്കെ സര്‍ക്കാര്‍ ഗജനാവിലെക്കാ. ആഹാ അങ്ങനെയ ആങ്കുട്ട്യോള്. 
      
നിര്‍ത്ത് ഹാജ്യാരേ, ഇങ്ങള് പറഞ്ഞതൊക്കെ ശര്യാ. എന്ന് വച്ച് അമ്പലോം പള്ളീം ഒന്നും ബേണ്ടാന്നു പറയുന്ന  ഈ ദീനും നിസ്കാരോം ഇല്ലാത്ത ഇക്കൂട്ടരു ബന്നാ ഞമ്മടെ കൂട്ടര്‍ക്ക് അത് കൊഴപ്പല്ലെന്നു? ഞമ്മടെ കാര്യം നടക്കണേല്‍ കോണിക്കാര് അല്ലെ നല്ലത്?

കോയാ ഇജ്ജാ ബര്‍ത്താനം പറേരുത് ട്ടാ.  ഇപ്പരേനെ കൊണിക്കാരുടെ കയ്യിലിരുപ്പ് ഇജ്ജും ടിവി ല് കണ്ടതല്ലേ? അയിനെ ഒക്കെ പറ്റി പരെനതു തന്നെ പടച്ചോന് നേരക്കാതതാ. ആ കാര്യത്തിലും ഇബരു തന്നെയാ മെച്ചം. ഞമ്മടെ കാര്യം തന്നെ നോക്കാ, മദ്രസ്സേല് പഠിപ്പിച്ചാ കിട്ടണ ചില്ലറപൈസ അല്ലാണ്ട് ഒരു ഗതീം ഇല്ലാതെ ഈ കോണിക്കാരെ താങ്ങി നടന്ന ഞമ്മടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ക്ഷേമനിധിയും പെന്‍ഷന്‍നും തന്നോരല്ലേ ഇവര്?
ഹജ്ജ് തീര്താടനതിനും ശബരിമലക്കും ഒക്കെ ഇത്ര നല്ല സൗകര്യം ഒരുക്കിയ കൂട്ടരെ ആണോ ഇയ്യ് ദീനിന്റെ കാര്യം പരേനെ?  എത്ര ശാന്തിയും സമാധാനവും ആയിട്ടാ എല്ലാ മതക്കാരും ഈ 5 വര്ഷം കഴിഞ്ഞേ? ഒരു വര്‍ഗീയ ലഹള എങ്കിലും ഉണ്ടായോ? മതങ്ങളെ നശിപ്പിക്കാന്‍ അല്ല, സ്നേഹിക്കാന്‍ പടിപ്പിച്ചോരാ ഇക്കൂട്ടരു. 

വെറുതെ ഓരോന്ന് പറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രിയം ഒക്കെ എല്ലാര്‍ക്കും നല്ലതാ. അതൊക്കെ നാടിന്റെ നന്മക്കാ. ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഇനിയും ഉണ്ടാകണം എങ്കില്‍, ഈ സര്‍ക്കാര്‍ തുടരുക തന്നെ വേണം.
നാടിന്റെ വികസനത്തിനും നാട്ടാരുടെ സമാധാനത്തിനും ആകട്ടെ ഞമ്മടെ വോട്ട്. ഇന്നാ ചായെന്റെ     പൈസ. ഞാന്‍ പോട്ടെ. നാളെ പോളിംഗ് ബൂത്തില്‍ കാണാം.
Related Posts Plugin for WordPress, Blogger...