Sunday, December 26, 2010

പുലിമടയില്‍ കുറച്ചു യുക്തിവാദം

                          കോഴിക്കോട്  MSM സംഘടിപ്പിച്ച ഒരു ഇസ്ലാം എക്സിബിഷണില്‍  പങ്കെടുത്ത അനുഭവം ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. റൂട്സ് എന്നായിരുന്നു പരിപാടിയുടെ പേര്.മരണാനന്തര ജീവിതത്തിന്റെ വക്താക്കള്‍ ആയ MSM എന്തിന്റെ വേരുകള്‍ ആണ് തേടുന്നത് എന്നറിയാന്‍ ഉള്ള ആകാംക്ഷ ആണ് എന്നെയും എന്റെ സുഹൃത്ത്നെയും അങ്ങോട്ട് ആകര്‍ഷിച്ചത്. പരിപാടി നടക്കുന്ന സാംസ്കാരിക നിലയത്തിന്റെ കെട്ടിടവും പരിസരവും ആകെ മാറിയിരിക്കുന്നു. രണ്ടു ദിവസം മുന്‍പ് സമീപ കോളേജിലെ വിദ്യാര്‍ഥി സഖാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത ആ സ്ഥലം ഇപ്പോള്‍ പച്ച പരവതാനി വിരിച്ചു അറബികഥയിലെ രാജധാനി പോലെ തോന്നിച്ചു.
                                നബി വചനങ്ങളും ഖുറാന്‍ സൂക്തങ്ങളും ബഹുവര്‍ണ്ണ പോസ്റെരുകളായി    തൂങ്ങിആടുന്നു. ഓരോന്നായി വായിച്ചു മുന്നോട്ട് നീങ്ങിയ ഞങ്ങളെ സഹായിക്കാന്‍ താടി നീട്ടി വളര്‍ത്തിയ, നെറ്റിയില്‍ നിസ്കാര തഴമ്പുള്ള,ഇറക്കം കുറഞ്ഞ പാന്റ്സ് ധരിച്ച, ഒരു മധ്യ വയസ്കന്‍ എത്തി. സര്‍വശക്തനും പരമകാരുണികനും ആയ ദൈവം ഭൂമിയിലേക്ക് അയച്ച വിവിധ പ്രവാചകന്മാരുടെ പേരുകള്‍ എഴുതിയ ബോര്‍ഡ്‌ വായ്ച്ചു അവരുടെ കാലവും പ്രവര്‍ത്തന രീതികളും അദ്ദേഹം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി വിശദീകരിച്ചു തന്നു. "ഇതില്‍ എല്ലാ പ്രവാചകരും  അറബ്  രാജ്യങ്ങളില്‍ നിന്നും ആണല്ലോ? ദരിദ്ര രാജ്യമായ ഇന്ത്യയിലേക്ക് വന്ന പ്രവാചകര്‍ ആരൊക്കെ ആണ്?" എന്ന നിര്ധോഷകരമായ ചോദ്യത്തിലൂടെ വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തലയില്‍ വയ്ക്കുന്ന പരിപാടിക്ക് ഞങ്ങള്‍ തുടക്കമിട്ടു. . .
                               "ലോകത്തിന്റെ പല ദിക്കിലേക്കും അനേകം പ്രവാചകര്‍ വന്നിടുണ്ട്, അതില്‍ ചിലര്‍ ഇന്ത്യയിലും വന്നേക്കാം, എന്നാല്‍ അത് ആരൊക്കെ ആണ് എന്ന് ഖുറാന്‍ പറയുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞത് ഒരു അല്മാഗതം പോലെ ആണ്. മുപ്പത്തിമുക്കോടി  ഹിന്ദു ദൈവങ്ങളില്‍ ആരെങ്ങിലും ഒരാള്‍ പ്രവാചകന്‍ ആണ് എന്ന ഒരു വാചകം ഖുറാന്‍ പറഞ്ഞിരുന്നു എങ്കില്‍ ഇന്ത്യയെ  ഒരു ഇസ്ലാം രാഷ്ട്രം ആക്കാന്‍ ഉള്ള സുവര്‍ണ്ണാവസരം നഷ്ടപെടുമായിരുന്നോ?   ചോദിച്ചില്ല.  ഇഹലോകത്തെയും പരലോകത്തെയും സര്‍വകാര്യങ്ങളും പതിനാലു നൂറ്റാണ്ട് മുന്പേ പറഞ്ഞു വച്ച ദൈവീക സര്‍വവിജ്ഞാനകോശം  ആയ ഖുറാന്‍ അറബ് സംസ്കാരത്തിന്റെ അതിര്‍വരമ്പുകള്‍ ഭേധിക്കുന്നതില്‍ പരാജയപെട്ടതിന് അദ്ദേഹം എന്ത് പിഴച്ചു ?
                               ആധുനിക ശാസ്ത്ര ശാഖകള്‍ ഈ അടുത്തകാലത്ത് മാത്രം കണ്ടു പിടിച്ച പല സത്യങ്ങളും 1400 വര്‍ഷം മുന്‍പ് ഖുറാനില്‍ എഴുതിവച്ചിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പല പോസ്റ്ററുകള്‍ ചൂണ്ടികാട്ടി അദ്ദേഹം വിശധീകരിച്ച് തന്നു. "എന്നാല്‍ എന്ത് കൊണ്ട് ഇത് ആദ്യമേ പറഞ്ഞില്ല ? പറഞ്ഞിരുന്നെങ്ങില്‍ ഇത്തരം ഗവേഷണങ്ങള്‍ക് ഉപയോഗിച്ച പണവും സമയവും ലാഭിക്കമായിരുന്നില്ല്ലേ?" എന്ന ചോദ്യത്തിനു മറുപടി "ഈ വിഷയങ്ങള്‍ ബാഹ്യലോകം  ചര്‍ച്ച ചെയ്യപെടുന്നത് ഇപ്പോള്‍ അല്ലെ? ഏത് കൊണ്ടാണ് ഇപ്പോള്‍ ഇത് ഞങ്ങള്‍ പറയുന്നത് എന്നായിരുന്നു . "ഇത് ഇപ്പൊ എല്ലാം പുറത്ത് വന്നു കഴിഞ്ഞപ്പോ പോസ്റെരുമായി ഇറങ്ങുന്നത് പഴയ ബഷീര്‍ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞു  "അയിന്റെ ആള് ഞമ്മള്‍ ആണേ" എന്ന് പറഞ്ഞു ആന കുഞ്ഞിന്റെ പിത്രുതം ഏറ്റെടുത്ത പോലെ അല്ലെ?" എന്ന് കൂടി ചോദിക്കണം എന്നുണ്ടായിരുന്നു.   
                                      ഖുറാന്‍ ദൈവീകം ആണ് എന്നതിന്റെ ഏക തെളിവായി അദ്ദേഹം പറഞ്ഞത്  (വെല്ലുവിളിച്ചത് എന്ന് തന്നെ പറയാം) പരിശുദ്ധ ഖുറാനില്‍ ഒരു തെറ്റ് പോലും ഇല്ല എന്ന സ്ഥിരം പല്ലവിയുമായാണ്. ഖുറാന്‍ അടക്കമുള്ള എല്ലാ മത ഗ്രന്ഥങ്ങളെയും വിമര്‍ശിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ രണ്ടു പേരുടെയും ഏറ്റവും വലിയ ആശ്രയവും ആത്മവിശ്വാസവും ഈ ഒരു വെല്ലുവിളിയെ നേരിടാന്‍ കഴിയും എന്നത് തന്നെ ആണ്. ഹോസ്റ്റല്‍ മുറികളിലെ പാതിരാ ചര്‍ച്ചകളില്‍ ഇത് പല തവണ ഞങ്ങള്‍ തെളിയിച്ചതും ആണ്. എന്നാലും സുഹൃത്ത് സദസ്സുകളില്‍ പറയും പോലെ ഇവിടെ പറയുന്നതിലെ ഔചിത്യം ഞങ്ങളെ അലട്ടി. ഒടുവില്‍ രണ്ടും കല്പ്പിച്ചു ചോദ്യം എറിഞ്ഞു. സൂര്യന്‍ അസ്തമിക്കുന്നതിനെ പറ്റി സൂറത്ത് 18:86 പ്രകാരം "സൂര്യാസ്തമയ സ്ഥലത്ത് എത്തിയ സുല്‍- ഖുര്നൈന്‍ എന്ന യാത്രക്കാരന്‍ സൂര്യന്‍ ഒരു ചളികുണ്ടിനു അപ്പുറം മറയുന്നതായി കണ്ടു" എന്ന് പറയുന്നതിനെ പറ്റി എന്ത് പറയുന്നു? ഒരു നിമിഷത്തെ നിശബ്ദതയും വിളറിയ ഒരു പുഞ്ചിരിയും ആയിരുന്നു മറുപടി. കലാനാഥന്‍ മാസ്ററെ പോലുള്ളവരുടെ സ്ഥിരം ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു റെഡിമൈഡ് ഉത്തരം ചുണ്ടിന്റെ അറ്റത്ത് നിര്‍ത്തിയാകണം അദ്ദേഹം അങ്ങനെ ഒരു വെല്ലുവിളി ഉയര്‍ത്തിയത്. അതിനാല്‍ ആകും  ഇതിനുള്ള മറുപടി അദേഹത്തിന്റെ കൈയ്യില്‍ ഇല്ലായിരുന്നു, "മുകളിലെ കൌണ്സിലിംഗ് സെന്ററില്‍ പോയാല്‍ നിങ്ങള്‍ക്ക് ഇതിനുള്ള മറുപടി ലഭിക്കും" എന്ന് പറഞ്ഞു അദ്ദേഹം തടി തപ്പി. താടി വച്ച ഒരു പണ്ഡിതനെ വാഗ്വാതത്തില്‍ തോല്‍പ്പിച്ചതിന്റെ അതിയായ അഹങ്കാരം ഞങ്ങളെ മദിച്ചു.
                                           അടുത്ത സെഷന്‍ "ഖുറാനും ബൈബിളും തമ്മില്‍ ഉള്ള അകലം എന്ത്" എന്ന് വ്യക്തമാക്കുന്നതായിരുന്നു.  ഇത്തവണ സുന്ദരനും സുമുഗനും കഷ്ടപ്പെട്ട് താടി വളര്തുന്നവനും ആയ ഒരു ചെറുപ്പക്കാരന്‍ ആണ് ഞങ്ങളുടെ മുന്നില്‍ പൊട്ടി വീണത്. നേരത്തെ കണ്ട താടിക്കാരന്‍ പറഞ്ഞു വിട്ടതാണ് എന്ന് തോന്നുകയേ ഇല്ല. തന്‍റെ അറിവ് വെളിപ്പെടുത്തുന്നതില്‍ അതിയായ ആനന്ദവും ഉത്സാഹവും അയാള്‍ക് ഉണ്ടായിരുന്നു. ആനയുടെ വാലിലെ രോമം മാത്രം എടുത്ത് കാണിച്ചു കൊണ്ട് ആന മെലിഞ്ഞു പോയി  എന്ന് പറയുന്ന പോലെ ആയിരുന്നു പോസ്റെരുകളിലെ ബൈബിള്‍ വിമര്‍ശനം. വിശാലമായ ഒരു അദ്ധ്യായത്തിന്റെ  ഉള്ളില്‍ നിന്നും ഒരു വരി മാത്രം അടര്‍ത്തിയെടുത് അത് വികൃതമായി വ്യാക്യാനിക്കുക.എന്നാല്‍ ബൈബിളില്‍ വിമര്‍ശനാല്‍മകമായ അറിവ് ധാരാളം ഉള്ള എന്റെ സുഹൃത്തിന്റെ മുന്നില്‍ ആ യുവാവ് വിയര്‍ക്കുന്നത് കാണാന്‍ ഒരു പ്രത്യേക രസം ആയിരന്നു. 
                      ഇത്ര ആയപോളെക്കും കുട്ടികള്‍ അടക്കം സാമാന്യം നല്ല ഒരു കൂട്ടം ശ്രോതാക്കള്‍ ഞങ്ങള്‍ക്ക് ഉണ്ടായി. ബൈബിള്‍ വിമര്‍ശകന്‍ ആയ വളണ്ടിയരെ സഹായിക്കാന്‍ രണ്ടു മൂന്ന് പേര്‍ കൂടി എത്തുകയും ചെയ്തു. ഞങ്ങള്‍ നടത്തുന്ന അഭിപ്രായപ്രകടങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്നും ശ്രോതാക്കളെ പിന്തിരിപ്പിക്കാന്‍ വളണ്ടിയര്‍ സുഹൃത്തുക്കള്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. 
ഒടുവില്‍ നേരത്തെ പറഞ്ഞ കൌണ്സിലിംഗ് സെന്റെരിലെക് ഉള്ള വഴി കാണിച്ചു തരാനേ അവര്‍ക്കും സാധിച്ചുള്ളൂ. ഞങ്ങള്‍ അഹങ്കാരത്തിന്റെ  ഉത്തുങ്കശ്രിന്ങ്കഗളില്‍ എത്തി.  
                         അടുത്ത സെക്ഷന്‍ "ഖുറാനും ഹിന്ദു മതവും തമ്മില്‍ ഉള്ള അകലം" ആയിരുന്നു.പ്രോടോകോള്‍ പ്രകാരം ഹിന്ദു ആയ ഞാന്‍ ആണല്ലോ ഇതില്‍ തല ഇടേണ്ടത് ? എന്നാല്‍ ഹിന്ദു മതവുമായി എനിക്കുള്ള പരിചയം എന്ന് പറയാവുന്നത് പണ്ട് ടെലിവിഷനില്‍ ജയ് ഹനുമാന്‍ പോലെ ഉള്ള സീരിയലുകള്‍ കണ്ടത് മാത്രം ആണ്. അതിനാല്‍ തന്നെ ആ ഭാഗത്തേക്  പോകാതിരിക്കുന്നതാണ് നല്ലത് എന്ന് ഞങ്ങള്‍ക്ക് തോന്നി. 
                                    ഇത്ര നേരം വളണ്ടിയര്‍ സുഹ്രത്തുക്കള്‍ കരുതിയത് ഞങള്‍ രണ്ടു ഇസ്ലാം വിമര്സകര്‍ ആണെന്നായിരുന്നു. എല്ലാ മതങ്ങളെയും  വിമര്‍ശിച്  ഞങ്ങളുടെ മതനിരപെക്ഷത അവരെ ബോധ്യപെടുത്താന്‍ ഉള്ള ശ്രമം ഞങ്ങളെ എത്തിച്ചത് സൃഷ്ടിവാദവുമായി ബന്ധപെട്ട ചര്‍ച്ചകളിലേക്ക് ആണ്. ആ ചര്‍ച്ച എത്ര നീണ്ടാലും എവിടെയും എത്തില്ല എന്ന് അധികം താമസിയാതെ ഞങ്ങള്‍ക്ക് മനസ്സിലായി. ഞാന്‍ പിടിച്ച മുയലിനു  4 കൊമ്പു എന്ന നിലപാടില്‍ നിന്നും ആ സുഹൃത്തുക്കള്‍ പിന്മാറില്ല എന്നത് തന്നെ പ്രശ്നം.
                                    അങ്ങനെ  ഒടുവില്‍ കൌണ്സിലിംഗ് കേന്ദ്രത്തിലേക്ക് ഞങ്ങള്‍ എത്തി നോക്കി. നെഞ്ചിനു താഴെ വരെ എത്തുന്ന താടിയും മുട്ടിനു താഴെ മാത്രം എത്തുന്ന പാന്റ്സും ധരിച്ച ഒരു പണ്ഡിതന്‍ ആയിരുന്നു  അകത്ത്.  പുലിമടയില്‍ കയറി തല വച്ചു കൊടുക്കുന്നത് മണ്ടത്തരം ആണെന്ന ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സ് പറഞ്ഞു. സത്യം പറഞ്ഞാല്‍ കൈകാലുകള്‍ വെട്ടി മാറ്റപെടുന്ന ഒരു അവസ്ഥയെ പറ്റിയുള്ള ഭയം ഞങളുടെ മനസ്സിന്റെ ഏതോ കോണില്‍ ചിറകടിച്ചു എന്നത് തന്നെ ആകാം കാരണം. മുകളിലെ നിലയില്‍ ഒരുക്കിയ ഇരുണ്ട മുറിയില്‍ ഇരുന്നു വീഡിയോ ഷോ കാണുമ്പോളും ആ ഭയം ഞങ്ങളില്‍ ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ അധിക സമയം ഇനി അവിടെ തുടരുന്നതിനെ പറ്റി അകാരണമായ ഭയം ഞങ്ങളെ പിന്തുടര്‍ന്നു. മാധ്യമങ്ങളും  സാമ്രാജ്യത്വ ശക്തികളും  അത്തരം ഒരു ഇമേജ് ആണല്ലോ ഈ മതത്തിനു ചാര്‍ത്തികൊടുത്തത്. 
                                     അങ്ങനെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. അത്ര നേരാന്‍ തര്‍ക്കിച്ചു നിന്ന MSM പ്രവര്‍ത്തകരോട് യാത്ര പറയാന്‍ അവരുടെ അടുതെത്തി.എന്നാല്‍ ഞങ്ങളുടെ  പ്രതീക്ഷകള്‍ എല്ലാം തകിടം മറിച്ചു കൊണ്ട് അത്രനേരം നടത്തിയ വാഗ്വതങ്ങള്‍ ഉണ്ടായ ലക്ഷണമേ  ഇല്ലാത്ത തരത്തില്‍  അതീവ ഹൃദ്യമായ പെരുമാറ്റം ആണ് അവരില്‍ നിന്നും ഉണ്ടായത്. അവര്‍ക്കൊപ്പം ചായയും ലഘു ഭക്ഷണവും കഴിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പുറത്ത് കടക്കുമ്പോള്‍ ഞങ്ങള്‍ ഇരുവര്‍ക്കും ഒരു സമ്മാനം ഉള്ളതായി അവര്‍ പറഞ്ഞു.  ഭയത്തിന്റെ ചിറകൊടി ഞാന്‍ വ്യക്തമായും കേട്ടു..എന്നാല്‍ സമ്മാനം മറ്റൊന്നും ആയിരുന്നില്ല. നബിനിന്ദയെ പറ്റി എം.എം അക്ബര്‍ എഴുതിയ   ഒരു പുസ്തകവും ഒരു സി.ഡി യും കുറച്ചു ലഘുലേഖകളും ആയിരുന്നു അവരുടെ സ്നേഹസമ്മാനം.. 
  
വാല്‍കഷ്ണം: അടുത്ത് തന്നെ ഉള്ള സെക്ഷനില്‍ വളണ്ടിയര്‍ പര്‍ദ ധരിച്ച ഒരു സ്ത്രീ ആയിരുന്നു. തന്‍റെ മേല്‍നോട്ടത്തില്‍ ഉള്ള പോസ്റ്ററുകള്‍ വായിക്കാതെ മുന്നോട്ട് നീങ്ങിയ രണ്ടു പര്‍ദ ദാരികളോട് അവര്‍  പറയുന്നത്  കേട്ടു ," ഇദ് വായിച്ചിട്ട് പോയ്ക്കൊളീ , അല്ലെങ്ങില്‍ ആളോള് ഓരോന്ന് ചോയിക്കുമ്പോ ഇങ്ങക്ക് മുണ്ടാട്ടം മുട്ടി പോവും"..

Monday, December 13, 2010

ജാതക പുരാണം

                      ഇന്ന് എന്റെ പിറന്നാള്‍ ആണ്. അതെ, സുന്ദരവും സുസ്മിതവും ആയ ഈ ഭൂമിയില്‍  ഈയുള്ളവന്‍ പിറന്നു വീണിട്ട് ഇന്നേക്ക് 22 മലയാള വര്ഷം തികയുന്നു. വൃശ്ചിക മാസത്തെ ഒരു തണുത്ത സായാഹ്നത്തില്‍ കൃത്യമായി പറഞ്ഞാല്‍  കൊല്ല വര്ഷം 1164  വൃശ്ചിക മാസം 28നുക്ക് 1988 ഡിസംബര്‍ 13 നു ചൊവ്വാഴ്ച അസ്തമാനാല്‍ പൂര്‍വ്വം 1 നാഴിക 55 വിനാഴികക്ക് തിരുവോണം നക്ഷത്രത്തില്‍ പുരുഷജനനം. വൈകീട്ട് 5.14 നു പട്ടാമ്പിക്ക് അടുത്തുള്ള കൂറ്റനാട് ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ആ സംഭവം. അന്നേ ദിവസം രാത്രി ആലിപ്പഴം വീണതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനെ പറ്റി പറയാന്‍ തുടങ്ങിയാല്‍ അത് എന്റെ വ്യക്തിത്വ പ്രഭാവത്തിന്റെ അമിത വര്‍ണന ആയിമാറി എന്റെ ലക്ഷക്കണക്കിന്‌  വായനക്കാരെ ബോറടിപ്പിക്കും. അങ്ങനെ ഒരു സ്വയം പൊക്കല്‍ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.
                         ഇന്ന് ഉച്ച വരെ ഞാന്‍ കരുതിയിരുന്നത് എന്റെ ജീവിതത്തിന്റെ മൂന്നില്‍ ഒന്ന് ഇന്ന് തീരുന്നു എന്നാണു.  ആ വിഷമത്തില്‍ പിറന്നാള്‍ വിശേഷം ആരെയും ഞാന്‍ അറിയിക്കാന്‍ നിന്നില്ല.പണ്ട് എന്നോ ജാതകം മറിച്ചു നോക്കിയപ്പോ ഒരു 66 വര്‍ഷത്തെ ആയുസ്സേ കണ്ടതായി ഓര്‍മയുള്ളൂ. പേടി കാരണം പിന്നെ ഞാന്‍ അത് കൈ കൊണ്ട് തൊട്ടിട്ടില്ല.  ഇപ്പോള്‍ നേരത്തെ പറഞ്ഞ പോലത്തെ ജോതിഷഭാഷയില്‍  ഡെയലോഗ് അടിക്കാന്‍ വേണ്ടി എന്റെ പ്രിന്റെഡ്‌ ജാതകം എവിടുന്നോ തപ്പി പൊടിതട്ടി എടുത്തപ്പോ ആണ് സന്തോഷകരമായ ആ കാര്യം ഞാന്‍  ശ്രദ്ധിച്ചത്. ഭാഗ്യവാനായ എനിക്ക് 77 വയസ്സ് തികച്ചും ആയുസ്സ് ഉണ്ട്. അന്ന് നോക്കിയപ്പോ അവസാനത്തെ പേജ് ഞാന്‍ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ടെലിബ്രാന്‍ഡ്‌ ഷോയില്‍ പറയുന്ന പോലെ wow !!!!
                      കേള്‍ക്കുന്നവര്‍ക്ക് ഇവന്‍ ആളൊരു പഴഞ്ചന്‍ ആണെന്ന് തോന്നും പക്ഷെ എനിക്ക് പറയാതിരിക്കാന്‍ ആകില്ല. അത് കൊണ്ട് ഞാന്‍ ഇതാ പറയാന്‍ പോകുന്നു .. "ഈ ജാതകത്തില്‍ ഒക്കെ എനിക്ക് ഭയങ്കര വിശ്വാസം ആണ്". ഇതാ ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്യുമ്പോ എന്റെ കൈയ്യില്‍ എന്റെ ജാതക കുറിപ്പ് ഉണ്ട്. കണ്ട ഓലയിലും ശീലയിലും എഴുതിയ കാണ കുണ ജാതകം ഒന്നും അല്ല. റേഷന്‍ കാര്‍ഡ്‌ന്റെ വലുപ്പത്തില്‍ ഉള്ള ഒരു പുസ്തകത്തില്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതിയ നല്ല ഉശിരന്‍ ജാതകം.
                        ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ ലോകത്ത് എല്ലാവരും ജാതക പ്രകാരം അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപെട്ടവര്‍ ആണ്. നമ്മള്‍ ചെയ്യുന്ന സകലമാന തോന്ന്യസങ്ങളും നമ്മുടെ ജീവിതത്തിലെ എല്ലാ തരം പ്രശ്നങ്ങളും നമ്മുടെ തലവര മൂലം ഉണ്ടാകുന്നതാണ്. പടച്ചവന്‍(ഈശ്വരന്‍,കര്‍ത്താവ്) വരച്ച ആ മുടിഞ്ഞ വര മാറ്റി മറക്കാന്‍ ആര്‍ക്കും ആകില്ല.
 ഉദാഹരണം : ഈ ലോകത്ത് എത്ര പേര്‍ പട്ടിണി കിടക്കുന്നു? എത്ര പേര്‍ കഷ്ടതകള്‍ അനുഭവിക്കുന്നു? എത്ര കുഞ്ഞുങ്ങള്‍ അനാഥര്‍ ആകുന്നു? ഇവരുടെ ഒക്കെ ജാതകം ഒന്ന് എടുത്ത് പരിശോധിച്ച് നോക്ക്. ഹാ അപ്പൊ കാണാം എല്ലാത്തിന്റെം തലവര കൊങ്കണ്‍ റെയില്‍വേ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്നത്. കണ്ട അലവലാതി പണിക്കന്മാര്‍ ഒന്നും നോക്കിയാ പോര കേട്ടോ. മേല്പത്തൂര്‍ കീഴ്പാടം തിരുമേനിയെ പോലെ ഉള്ള ദിവ്യന്മാര്‍ നോക്കിയ്യാല്‍ അച്ചട്ടാ..
                       ഹിരോഷിമയിലും നാഗസാക്കിയിലും മറിച്ചു വീണ പാവങ്ങളില്‍ പല സമയത്ത് പല ഗ്രഹനിലയില്‍ പല സ്ഥലത്ത് പല മതത്തില്‍ പിറന്ന എല്ലാതിന്റ്യും തലയില്‍ ഒരൊറ്റ വര ആയിരുന്നു. ഒടുക്കത്തെ വര...ആ നഗരം അപ്പാടെ കത്തി ചാമ്പല്‍ ആയി പോയപ്പോ അവരുടെ ജാതകങ്ങളും കത്തിപ്പോയി. അല്ലെങ്ങില്‍ നിരീശ്വരവാദികളെ, യുക്തിവാധികളെ ചെറ്റകളെ നിങ്ങളുടെ മുഖതേക്ക്  ഞാന്‍ അത് വലിച്ചെറിഞ്ഞെനെ..
ലോകത്തെ സകല ജൂതന്മാര്‍ക്കും ഒരേ വര ആണ് അവിടുന്ന് വരച്ചത്. അവന്മാര്‍ ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കുന്നവര്‍ ആയതു കൊണ്ട് എല്ലാത്തിനേം പിടി കൂടി തട്ടിക്കളയാന്‍ ദൈവം അയച്ച ദൂതന്‍ ആണ് ശ്രീ ശ്രീ ഹിറ്റ്‌ലര്‍!!!!
ആണവകരാര്‍, ആസിയാന്‍ കരാര്‍, വിക്കിലീക്സ്, സ്പെക്ട്രും, ഇതൊക്കെ നമ്മുടെ ജാതകത്തില്‍ ഉള്ളതാ മക്കളെ...ഇപ്പൊ ധാ പെട്രോള്‍ന്റെയും അരിയുടെയും വില പിന്നേം കൂടി. അതിനു കാരണം ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഒന്നും അല്ല. നിന്റെ ഒക്കെ ജാതകത്തില്‍ ഇന്ന ഇന്ന പ്രായത്തില്‍  ഇത്ര ഇത്ര രൂപ കൊടുത്താലേ ഇന്ന ഇന്ന സാധനങ്ങള്‍ കിട്ടു എന്ന് എഴുതി വച്ചിടുണ്ട്. ഇതിനെതിരെ കൊടി പിടിചിട്ടോ മുദ്രാവാക്യം വിളിചിട്ടോ ഒന്നും ഒരു കാര്യവും ഇല്ല. ആകെ ഉള്ളത് ഒരു വഴിയാ. ഇതിനു ശാസ്ത്രവിധി പ്രകാരം ഉള്ള പരിഹാരക്രിയകള്‍ ചെയ്യുക. ഏത് ശാസ്ത്രം ? ജൂതിഷ ശാസ്ത്രം.
ഇനി ഇപ്പൊ പണിക്കന്മാരെ കിട്ടാത്ത പ്രശ്നവും ഇല്ല,ഏതോ യുണിവേര്സിടി ജൂതിഷം പഠന വിഷയം ആക്കാന്‍ പോകുന്നുണ്ട്. അത് കൂടി കഴിഞ്ഞാല്‍ വല്ല BA malayalam കഴിഞ്ഞവനെ കണ്ടാല്‍ തന്നെ വേണ്ട ക്രിയകള്‍ നടത്തി തരും, ഏത്?
                    ഞാന്‍ ജനിക്കും മുന്‍പ് എഴുതിയതാകാന്‍ വഴി ഇല്ലാത്തതിനാല്‍ ഈ സാധനത്തിനു ഒരു 21 വര്‍ഷത്തെ  പഴക്കം കാണും. ഗൂഗിള്‍ എര്‍ത്ത് ഒന്നും പ്രചാരത്തില്‍ ഇല്ലാത്ത അക്കാലത് എന്റെ ജനന സമയത്തെ ഗ്രഹനില കൃത്യമായി കണക്ക് കൂട്ടി ഈ ജാതകം എഴുതി എന്റെ മുത്തശ്ശനെ  ഏല്പിച്ചു ചില്ലറ വാങ്ങിച്ചു പോക്കറ്റില്‍ ഇട്ട മഹാനായ ആ പണിക്കരെ ഞാന്‍ മനസ്സാല്‍ സ്തുതിക്കുന്നു. എന്റെ ജീവചരിത്രം എനിക്ക് മുന്പേ എഴുതിയ അങ്ങേരോട് എനിക്ക് ഒന്നേ ചോദിക്കാന്‍ ഉള്ളു... "പ്ലൂട്ടോ ഒരു ഗ്രഹം ആയിരുന്ന കാലത്താണ് അങ്ങ്   ഇത് രചിച്ചത്. ഇനി ഇപ്പൊ പ്ലൂട്ടോ അതി ധാരുണമായി പുറതാക്കപെട്ടപ്പോ എന്റെ ആയുസ്സില്‍ വല്ല ഏറ്റ കുറച്ചിലും? ? ഹേ അങ്ങനെ വരാന്‍ വഴിയില്ല അല്ലെ ?...

Wednesday, December 8, 2010

സാഗര്‍ കോട്ടപ്പുറം എന്ന ജൂലിയന്‍ അസ്സാഞ്ചെ


                    ലോകത്ത് നടക്കുന്ന ബലാത്സംഗങ്ങളുടെ എല്ലാം സൂത്രധാരന്‍ ആയ ജൂലിയന്‍ അസ്സഞ്ചെ അങ്ങനെ അഴികള്‍ക്കുള്ളില്‍ ആയി. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത, കുര്‍ദുകളെ കൂട്ടകൊല ചെയ്ത, സര്‍വസംഹാരിയായ അണുവായുധം കൈവശം വച്ചവരെ ഒക്കെ പിടികൂടി കാലപുരിക്ക് അയച്ച അതെ ആവേശത്തില്‍ ആണ് അമേരിക്ക അസ്സഞ്ചെക്കു പുറകെ ഓടിയത്. ഭീകരനും ആഭാസനും കശ്മലനും ആയ അസ്സഞ്ചെയെ  ഇന്റര്‍പോളും സി.ഐ.എ യും എഫ്.ബി.ഐയും അടക്കം അഖിലലോക കുറ്റാന്വേഷകര്‍ എല്ലാം കൂടി പുറകെ നടന്നു പിടികൂടി. സ്വീഡനില്‍ എവിടെയോ ഏതോ സെമിനാറിന് വന്ന രണ്ടു മാന്യ വനിതകളെ ബലാല്‍സംഗം ചെയ്തതാണ്, അത് മാത്രമാണ് അസ്സഞ്ചെ ചെയ്ത കുറ്റം. പിന്നെ ഏതോ കേബിള്‍ മോഷ്ടിച്ച കേസും ഉണ്ടെന്നു ആരോ പറഞ്ഞു കേള്‍കുന്നു. എന്തായാലും ആ പ്രശ്നവുമായി ഈ അറസ്റ്റ്നു യാതൊരു ബന്ധവും ഇല്ലെന്നു പച്ചക്ക് പറഞ്ഞു കളഞ്ഞു ലോക പോലീസ്. 
                        തങ്ങള്‍ക്കിട്ട് ഇങ്ങനെ പണി തന്ന അസ്സാഞ്ചെ പയ്യനെ അമേരിക്ക പൂമാല ഇട്ടു സ്വീകരിക്കും എന്നൊന്നും ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ ലോകത്തിന്റെ മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത കളങ്കപെടുത്തിയ ജൂലിയന്‍ അസ്സാഞ്ചെ അനിവാര്യമായ പകപോക്കലിന്റെ ഭാഗമാണെന്നു ആര്‍ക്കും മനസിലാകും വിധം ഒരു സ്ത്രീപീഡന കേസില്‍ അകത്തു പോയത്  ലോകത്തെ ഞെട്ടിച്ചു. ലോകവ്യാപകമായി അതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നു എന്നാണു കേള്‍ക്കുന്നത്.  
              എന്നാല്‍ ഞങ്ങള്‍ മലയാളികള്‍ ഇത് പണ്ടേ പ്രതീക്ഷിച്ചതാ. "ഒരു ഗസറ്റെഡ് യക്ഷി" എന്ന പേരില്‍ മഞ്ചാടി മാസികയില്‍ അശ്ലീലകഥകള്‍  എഴുതി തഹസില്‍ധാരെ അപമാനിക്കാന്‍ ശ്രമിച്ച സാഗര്‍ കോട്ടപ്പുറം എന്ന എഴുത്തുകാരന്റെ ഗതി എന്തായി എന്നത് "അയാള്‍ കഥ എഴുതുകയാണ്" എന്ന ചിത്രത്തില്‍ മലയാളികള്‍ കണ്ടതാണ്. അന്ന് ലാലേട്ടന്റെ കഥാപാത്രത്തെ ആള്‍കൂട്ടം വിളിച്ച വിളി അമേരിക്കക്കു vendi  അസ്സാഞ്ചെയുടെ മുഖത്ത് നോക്കി ഞങ്ങള്‍ ഒന്ന് വിളിച്ചോട്ടെ "അമ്പട ബലാല്‍സംഗ വീരാ". 
               അമേരിക്കയോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും.  വിക്കിലീക്സ് വെബ്‌സൈറ്റ്നും ജൂലിയന്‍ അസ്സാഞ്ചെക്കും ഇഹലോകത്തും പരലോകത്തും ബൂലോകത്തും സമാധാനം കൊടുക്കില്ല എന്ന ഉറപിച്ചു തന്നെ ആണ് അങ്കിള്‍ സാം ഇത്തവണ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. ഇഹലോകത്ത് ഇതുപോലത്തെ നാറ്റകേസുകള്‍  ആണെങ്ങില്‍ ഇന്റര്‍നെറ്റ്‌ ലോകത്ത് ബഹിഷ്കരണത്തിന്റെയും നിസ്സഹകരണത്തിന്റെയും മാര്‍ഗങ്ങളിലൂടെ വിക്കിലീക്സ്നെ ഒറ്റപെടുത്താനും വേട്ടയാടാനും ഉള്ള സമ്മര്‍ധ  തന്ത്രങ്ങള്‍ വ്യക്തമാണ്. ലോകത്തെ ഞെട്ടിച്ച വെളിപ്പെടുതലുമായി പുറത്ത് വന്ന വികിലീക്സ് വെബ്‌സൈറ്റ്നു  പല തവണ മേല്‍വിലാസം മാറ്റേണ്ടതായി വന്നു. വിക്കി വെബ്സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വര്‍ ഉടമകള്‍ അവരെ പുറത്താക്കിയതാണ് ഇതിനു കാരണം. wikileaks.org എന്ന പേരില്‍ നിന്നും തുടങ്ങിയ ഓട്ടം ഇത് വരെ തീര്‍ന്നിട്ടില്ല. എന്നാല്‍ അമേരിക്ക കരുതും പോലെ അത്ര എളുപ്പം ആയിരിക്കില്ല കാര്യങ്ങള്‍ എന്നത് ഇതോടെ വ്യക്തമായി. ഒരു വാതില്‍ അടഞ്ഞാല്‍ ഒന്‍പത് എണ്ണം വേറെ തുറക്കും എന്ന് പറഞ്ഞ പോലെ ആണ് കാര്യങ്ങള്‍. വിക്കിക്ക് നിലനില്‍ക്കാന്‍ ആയിരത്തില്‍പരം ഇടങ്ങള്‍ ബൂലോകത്ത് ഉണ്ട് എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.
                   സാമ്പത്തികമായും വിക്കിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബിന്‍ലാദന്‍ , വീരപ്പന്‍ പോലെ ഉള്ളവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ പോലും മസ്സില് പിടിക്കുന്ന സ്വിസ്ബാങ്ക് വരെ പാവം അസ്സഞ്ചേയുടെ അക്കൗണ്ട്‌ ഫ്രീസ്സിംഗ് വരെ ഭംഗിയായി ചെയ്തെന്നു കേള്‍ക്കുന്നു. വിക്കിലീക്സ്  ഫൌണ്ടേഷന്‍നു കിട്ടുന്ന വന്‍ തുകയുടെ ഡൊനെഷന്‍ നടപടികള്‍ക്ക് സഹായിച്ചിരുന്ന paypal , visa പോലെ ഉള്ള ഏജന്‍സികളും പല ന്യായങ്ങള്‍ പറഞ്ഞു തടിയൂരി.  ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വിക്കിലീക്സ് തന്നെ പറയുന്നത് ട്വിറ്റെര്‍ ഇനി മുതല്‍ വിക്കിലീക്സ് ട്വീട്സ് സെന്‍സര്‍ ചെയ്യും എന്നാണ്. വിക്കി പ്രവര്‍ത്തകര്‍ പൊതുജനവുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന പ്രധാന ഉപാധികളില്‍ ആയ ട്വിറ്റെര്‍, ഫേസ്ബുക്ക്‌ എന്നിവയില്‍ നിന്നും പൊലും ഇവരെ അകറ്റിനിര്‍ത്തി അവരുടെ വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റി ഇല്ലാതാക്കാന്‍ ഉള്ള ബോധപൂര്‍വ്വം ഉള്ള ശ്രമങ്ങള്‍ ആണ് ഇവ ഓരോന്നും. പത്രസ്വാതന്ത്ര്യം പോയിട്ട് മൌലിക അവകാശങ്ങള്‍ വരെ നിഷേധിക്കുന്ന നടപടിയാണ് ഈ സ്ഥാപനങ്ങള്‍ ചെയ്യുന്നത്.
വിക്കിയുടെ നടപടികള്‍ക്ക് കൂട്ടുനില്കുന്നതിലൂടെ അമേരിക്കയുടെ വിരോധം ക്ഷണിച്ചു വരുത്തണ്ട എന്ന് കരുതി രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിക്കുകയാണോ ഇവര്‍ ചെയ്യുന്നത് ? അതോ അങ്കിള്‍ സാം ഇവരെ ചന്തിക് നുള്ളി പേടിപ്പിച്ചോ എന്നും അറിയില്ല.                    
                  ബലാസംഗ കേസില്‍ അസ്സഞ്ചെയെ ഒരു ആഴ്ചത്തേക്ക് കസ്റ്റഡിയില്‍  വിട്ടു എന്നാണു കേള്‍ക്കുന്നത്.രഹ്യങ്ങള്‍ പുറത്തു പറഞ്ഞു പോയി എന്ന കുറ്റം ചെയ്ത പ്രതിയെ ഇടിച്ചു ഇഞ്ജ പരുവം ആക്കി ഇനി എന്താണ് ഇവര്‍ക്ക് ചോര്‍ത്താന്‍ ഉള്ളത്? എന്തായാലും അസ്സാഞ്ചെ അകത്തു പോയിട്ടും രഹസ്യങ്ങള്‍ പുറത്തു വരുന്നതിനു കുറവൊന്നും ഇല്ല. വിക്കിലീക്സ് ന്റെ ചുണക്കുട്ടികള്‍ കേബിളുകള്‍ മുറിച്ചുകൊണ്ടേ ഇരിക്കുന്നു.


ലാസ്റ്റ് എഡിഷന്‍ : പ്രിയപ്പെട്ട അമേരിക്ക, സ്വീഡനിലെ തെളിവെടുപ്പ് കഴിഞ്ഞാല്‍ അങ്ങേരെ കുറച്ചു ദിവസം ഇന്ത്യക്കു വിട്ടു തരിക. ഇവിടെയും കുറെ കേബിള്‍ ചോര്‍ത്താന്‍ ഉണ്ട്. ഇവിടുത്തെ ഡൂക്കിലീക്സ് ഒന്നിനും കൊള്ളില്ല. അത് കൊണ്ട് പ്ലീസ്‌ പറ്റില്ല എന്ന് പറയരുത്.

Saturday, December 4, 2010

രുദ്രാക്ഷ മഹാത്മ്യം റീ ലോഡെഡ്

                    ഇനി നിങ്ങളുടെ പ്രശ്നങ്ങള്‍ എന്തുമാകട്ടെ. അതിനെല്ലാം ഉള്ള പ്രതിവിധി നമ്മുടെ പ്രമുഖ ചാനലുകള്‍ നല്‍കും. ടെലിബ്രാന്‍ഡ്‌ ഷോ എന്ന പേരില്‍ ഇവര്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ കാണുക, അതിലെ ഉത്പന്നങ്ങള്‍ സ്വന്തമാക്കുക. ജീവിത പ്രശ്നങ്ങള്‍ അവിടെ തീരുന്നു. 
                    ദിവ്യ അത്ഭുത ഉല്പന്നങ്ങളുടെ ഒരു വന്‍ ശ്രേണി ആണ് ഇവര്‍ നമുക്ക് മുന്നില്‍ എത്തിക്കുന്നത്. സാമ്പത്തിക പ്രശ്നം ആണോ ? ശ്രീ ധനലക്ഷ്മി യന്ത്രം.ഐശ്വര്യം നിറയാന്‍ വിശുദ്ധ വലംപിരി ശംഖു, ദൃഷ്ടി ദോഷം അകറ്റാന്‍, പ്രിയപെട്ടവരെ ആകര്ഷികാന്‍ ദിവ്യമായ മാല,വള,കമ്മല്‍,അരഞ്ഞാണം, എന്ന് വേണ്ട ജീവിതം സുഖകരവും ഐശ്വര്യ പൂര്‍ണവും ആക്കാന്‍ ഉള്ള എല്ലാ അവശ്യ വസ്തുക്കളും ഉണ്ട്.  എല്ലാം ഒരു മിസ്സ്‌ കാള്‍ അടിച്ചു ഓര്‍ഡര്‍ ചെയ്യാം. ശാസ്ത്രം പോയ ഓരോ പോക്കെ !!!
                  മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത നുണ പ്രചാരണം നടത്താന്‍ ചാനലുകള്‍ തമ്മില്‍ മത്സരം ആണ്. വയറ്റുപിഴപ്പിന്റെ പേരില്‍ വന്‍ കിട ബിസിനെസ്സ് രാജാക്കാന്‍മാര്‍ ഇങ്ങനെ പല നമ്പറും ഇറക്കും.  ഒന്നും രണ്ടു മണിക്കൂര്‍ നീളുന്നതാണ് ഓരോ പരസ്യങ്ങളും. അതും പട്ടാപകല്‍. അതുകൊണ്ട് തന്നെ  വീട്ടമ്മമാരെ ആണ് ഇവര്‍ ഉന്നം വെക്കുന്നത് എന്ന് വ്യക്തം. 
ടെലിബ്രാന്‍ഡ്‌ ഷോ എന്ന പേരില്‍ കാണിച്ചു കൂട്ടുന്ന ഈ ശുദ്ധ അസംബന്ധങ്ങള്‍ സാംസ്കാരിക കേരളത്തിനോട് ഉള്ള വെല്ലുവിളിയാണ്. ഇവ കാണാനും വന്‍ തുക കൊടുത്ത് ഇത് വാങ്ങാനും ആളുണ്ട് എന്നതാണ് തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്ന ഇതിന്റെ സംപ്രേക്ഷണം കാണിക്കുന്നത്. 
                           

ഇത്തരം പരിപാടികള്‍ക്ക് ഒരു പൊതു പാറ്റെണ്‍ ഉണ്ട്. ഉല്പന്നത്തിന്റെ ഗുണത്തെ പറ്റി ഒരേ കാര്യം തന്നെ ആണ് തിരിച്ചും മറിച്ചും ഇവര്‍ ഒരു മണിക്കൂര്‍ നേരം പറയുന്നത്. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകും എന്ന ഗീബല്‍സിയന്‍ തന്ത്രം. പ്രസിദ്ധ സിനിമ സീരിയല്‍ അഭിനേതാക്കള്‍ അവതാരകര്‍ ആയി എത്തുന്നതിന്റെ കൂടെ ഈ സാധനങ്ങള്‍ ഉപയോഗിച്ച് ബലം കണ്ടു എന്ന് പറയുന്നവരുടെ വീഡിയോ, കത്തുകള്‍ എന്നിവയും മേമ്പൊടി ചേര്‍ത്താണ് ഇവ നമുക്ക് മുന്നില്‍ എത്തുന്നത്. ഉല്പന്നത്തിന്റെ ബലസിദ്ധിയുടെ ശാസ്ത്രിയവും ആത്മീയവും ആയ വശങ്ങളെ പറ്റി വിശദീകരിക്കാന്‍ അതതു മേഖലയിലെ പ്രമുഖരും കാണും കൂടെ. കുറച്ചു സമയം ഈ പരിപാടികള്‍ കണ്ടാല്‍ ഒരു സാധാരണക്കാരന്‍ ഇവരുടെ വലയില്‍ വീണത് തന്നെ. അതെ, പരസ്യത്തിലൂടെ കോടികള്‍ കൊയ്യുമ്പോള്‍ ലക്ഷകണക്കിന് പ്രേക്ഷകരെ അന്ധവിശ്വാസത്തിന്റെ ഇരുള്‍ വഴിയിലേക്ക് നയിക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്? സാംസ്കാരിക കേരളം എങ്ങനെയാണ് ഈ പരിപാടികള്‍ വിലയിരുത്തുന്നത് ?

                          പണ്ട് ഇത്തരം പ്രവണതകളെയും ദുരാചാരങ്ങളെയും കളിയാക്കി മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് എഴുത്തുകാരന്‍ ശ്രീ സഞ്ജയന്‍ രുദ്രാക്ഷ മഹാത്മ്യം എന്ന പേരില്‍ ഒരു കഥ എഴുതിയിരുന്നു.  പണം ഉണ്ടാക്കാന്‍ വേണ്ടി ഒരു തട്ടിപ്പ് രുദ്രാക്ഷ മഹാത്മ്യം കഥ ഉണ്ടാക്കി അതിനു പത്രത്തില്‍ പരസ്യം നല്‍കി പണം തട്ടി കോടീശ്വരന്‍ ആകുന്ന രസകരമായ കഥ  പാഠപുസ്തകത്തില്‍ കുട്ടികള്‍ പഠിച്ചതാണ്. ഇത്തരം തട്ടിപ്പുകളുടെ നിജസ്ഥിതി അവര്‍ അതിലൂടെ മനസിലാക്കിയതാണ്. അവരുടെ മുന്നിലേക്കാണ്‌ ഈ പരസ്യങ്ങള്‍ എത്തുന്നത്. ആരെയും മയക്കാന്‍ പറ്റുന്ന പുതിയ രൂപത്തിലും ഭാവത്തിലും. 

            അന്നത്തെ സഞ്ജയന്‍മാര്‍ അല്ല പക്ഷെ ഇതിനു പിന്നില്‍.പല പേരില്‍ ആണെങ്കിലും മിക്കവാറും ദിവ്യവസ്തുക്കളുടെ ഉറവിടം ഒന്ന് തന്നെ ആണ്. ഇവരുടെ വെബ്‌സൈറ്റുകള്‍ നോക്കിയാല്‍ അറിയാം എല്ലാം വന്‍കിട മാര്‍ക്കെറ്റിംഗ് ഭീമന്മാര്‍ ആണെന്ന്. ലക്ഷങ്ങളും കോടികളും ആകും ഓരോ ദിവസവും ഇതിന്റെ പേരില്‍ ചാനലുകള്‍ക്ക് കിട്ടുന്നത്. എന്നാലും ഇത്തരം അന്ധവിശ്വാസങ്ങള്‍ക് കുട പിടിച്ചു കൊടുക്കാന്‍ എന്ത് ന്യായീകരണം ആണ് ഇവര്‍ക്ക് പറയാന്‍ ഉള്ളത്? 


ലാസ്റ്റ് എഡിഷന്‍:പിന്തിരിപ്പന്‍ മൂരാച്ചികളും ബൂര്‍ഷ്വാസി ഉടമകളുടെ വലതുപക്ഷ സിന്‍ഡികേറ്റ്  മാധ്യമങ്ങളും ഇത്തരത്തില്‍ പെരുമാറുന്നത് മനസിലാക്കാം.അവന്മാരെ ഒന്നും നന്നാക്കാന്‍  പത്രക്കാരന്‍ പോകുന്നില്ല. നശിക്കട്ടെ പിതൃശൂന്യ കുലംകുത്തികള്‍,നിക്രഷ്ടജീവികള്‍. എന്നാല്‍ പുരോഗമന സാംസ്കാരിക ഗുലാന്‍മാര്‍ ആയ കേരള ജനതയുടെ ആത്മാവിഷ്കാരം കൈരളി പീപ്പിള്‍ ചാനലും ഒട്ടും മോശമല്ല.എന്ത് സന്ദേശം ആണ് ഇത് പ്രക്ഷേപണം ചെയ്യുന്ന്നതിലൂടെ ഇവര്‍ നല്‍കുന്നത്?  മലയാളത്തില്‍ മാത്രമല്ല,ഇന്ത്യയിലെ മിക്ക ചാനെലുകളും ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.എന്നാല്‍ പല കാര്യത്തിലും അന്യര്‍ക്ക്‌ മാതൃക ആയ നമ്മള്‍ മലയാളീസ്  ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങുന്നത് ലജ്ജാവഹം തന്നെ..

Wednesday, December 1, 2010

മലയാളം ബ്ലോഗ്ഗെര്‍മാര്‍ പാപ്പരാസ്സികളോ ?

                              സായിപ്പിന്റെ ഭാഷയില്‍ ബ്ലോഗ്‌ ഉണ്ടാക്കി, വല്ലവന്റെയും സൈറ്റ് കോപ്പി അടിച്ചു ചില്ലറ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ  ആയി. എന്നാല്‍ സ്വന്തം മാതൃഭാഷ ആയ മലയാളത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന ചിന്ത പോകാന്‍ കുറെ വൈകി. ഗൂഗോളം മുഴുവന്‍ കറങ്ങിയിട്ടും മല്ലു ബ്ലോഗ്‌ ലോകം ഇത്ര പടര്‍ന്നു പന്തലിച്ച കാര്യം സത്യം പറഞ്ഞാ ഇപ്പോളാ ശ്രദ്ധികുന്നത്. അവിടെയും ഇവിടെയും ഓരോന്നു കണ്ടപ്പോ ആംഗലേയം വഴങ്ങാത്ത മലപ്പുറത്തെ കാക്കമാര്‍ പേര്‍ഷ്യയില്‍ ഇരുന്നു കാണിക്കുന്ന കണകുണ പരിപാടി ആണെന്നാ ഞാനും കരുതിയത്. പിന്നെ മല്ലു ബ്ലോഗ്‌ ലോകത്ത് കുറച്ചു കറങ്ങിയപ്പോള്‍ ആണ് ആ ധാരണ മാറിയത്. ഇടം വലം നോക്കാതെ ഞാനും തുടങ്ങി ഒരു മല്ലു ബ്ലോഗ്‌. 
                         പ്രാദേശിക ഭാഷ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവും അധികം ഉപയോഗിക്കപെടുന്ന ബ്ലോഗ്‌ ഭാഷ മലയാളം എങ്ങാനും ആണോ ആവോ? എന്നാല്‍ കെങ്കേമം ആയി. അല്ലെങ്കിലേ ഭൂഗോളത്തില്‍ ഏത് മൂലയില്‍ ചെന്നാലും ഒരു മലയാളിയെ കാണാം എന്നൊരു ചൊല്ല് നമ്മളെ പറ്റി ഉണ്ട്. എവറസ്റ്റ് കൊടുമുടി കേറിചെന്ന നീല്‍ ആംസ്ട്രോങ്ങും ചന്ദ്രനില്‍ കാലു കുത്തിയ എഡ്മണ്ട് ഹിലാരിയും (അവര് തന്നെ അല്ലെ?) രണ്ടു സ്ഥലത്തും മലയാളിയായ രമേട്ടന്റെയോ ബാലെട്ടന്റെയോ ചായക്കട കണ്ടു എന്നോ ചായയും പഴം പൊരിയും കഴിച്ചു എന്നോ മറ്റോ ചില കഥകളും പ്രചാരത്തില്‍ ഉണ്ട്. (മലയാളികള്‍ അല്ലാതെ വേറെ ആരെങ്ങിലും ഇത് രണ്ടും  ചോല്ലാരുണ്ടോ എന്ന് സത്യമായിട്ടും എനിക്കറിയില്ല).
അങ്ങനെ ഭൂഗോളം നിറഞ്ഞു നില്‍കുന്ന മലയാളി ഇനി ഗൂഗോളം കൂടി നിറഞ്ഞു നിറഞ്ഞു നില്‍കുന്ന ലക്ഷണം ആണ് കാണുന്നത്.
                                                പറഞ്ഞു വന്ന വിഷയം ഈ ബ്ലോഗ്ഗെര്മാരുടെ ഇടയില്‍ ഉള്ള ചില തെറ്റായ പ്രവണതകള്‍ ആണ്. ആനുകാലിക വാര്‍ത്താ പ്രാധാന്യമോ ഇതിനകം വിവാദമായതോ ശ്രദ്ധ ആകര്‍ഷിച്ചതോ ആയ വിഷയങ്ങള്‍ ആണ് മിക്ക ബ്ലോഗ്ഗെര്മാരും തിരഞ്ഞെടുക്കുന്നത്. അതിപ്പോ മുഖ്യധാര മാധ്യമങ്ങളും ചെയ്യുന്നതാണ്. എന്നാല്‍ ഇതല്ല ഒരു നല്ല ബ്ലോഗ്ഗെരില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ സാമൂഹിക പ്രസക്തി ഉള്ളതും മുഖ്യധാര സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ പതിയാത്തതും ശ്രദ്ധ അര്‍ഹിക്കുന്നതും ആയ വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ട് വരാന്‍ ബ്ലോഗ്ഗെര്‍മാര്‍ ശ്രദ്ധിക്കണം. ബ്ലോഗിങ്ങ് വെറും നേരംപോക്ക് അല്ലെന്നും ബ്ലോഗ്ഗെര്മാര്‍ക്ക് ചില സാമൂഹ്യ ബാധ്യതകള്‍ ഉണ്ട് എന്നും ബ്ലോഗ്ഗര്‍ സമൂഹം തിരിച്ചറിയണം.   
                                            അത് പോലെ ആക്ഷേപഹാസ്യം എന്ന പേരില്‍ തനി മൂന്നാംകിട പാപ്പരാസി ഭാഷ ആണ് ഞാന്‍ അടക്കം ഉള്ള മിക്ക ബ്ലോഗ്ഗെര്മാരും ഉപയോഗിക്കുന്നത്. ഫോര്‍ത്ത് എസ്റ്റേറ്റ്‌ രംഗത്ത് നാളെ ഈ നാടിന്റെ അഭിമാനം ആകേണ്ട മലയാളി ബ്ലോഗ്‌ സമൂഹത്തിനു ഒട്ടും ചേര്‍ന്നതല്ല ഈ ടാബ്ലോയ്ട് സംസ്കാരം.  ലേഖനങ്ങളില്‍ കോമഡി ഉപയോഗിക്കരുത് എന്നൊന്നും ആരും പറഞ്ഞില്ല. കാരണം അത് വായനക്കാര്‍ ആസ്വധിക്കുന്നുണ്ട് . എന്നാല്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ അവ അര്‍ഹിക്കുന്ന  ഗൌരവത്തോടെ കൈകാര്യം ചെയ്യാന്‍ ബ്ലോഗ്‌ സുഹൃത്തുകള്‍ ശ്രദ്ധിക്കണം എന്നാണു പത്രക്കാരന് പറയാന്‍ ഉള്ളത്.
                       എന്തൊക്കെ പറഞ്ഞാലും മലയാള ബ്ലോഗ്ഗെര്‍മാര്‍ പുലികള്‍ തന്നെ ആണ്.  അഭ്യസ്തവിദ്യരെ തടഞ്ഞു നടക്കാന്‍ വയ്യാത്ത, സിണ്ടികേറ്റ് മാധ്യമങ്ങള്‍ പുര നിറഞ്ഞു നില്‍കുന്ന ഈ കൊച്ചു സംസ്ഥാനത്ത്, ആനുകാലിക വിഷയങ്ങള്‍ അടക്കം കൈകാര്യം ചെയ്യുന്ന മല്ലു ബ്ലോഗ്ഗെര്മാരെ പറ്റി നമുക്ക് അഭിമാനിക്കാം. 

Monday, November 29, 2010

കുര്‍ ആന്‍ വിമര്‍ശനം: ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍

കുര്‍ ആന്‍ വിമര്‍ശനം: ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍
ഇത് പത്രക്കാരന്റെ പോസ്റ്റ്‌ അല്ല. ഈ പോസ്റ്റ്‌ ഉള്ള ലിങ്ക് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇത് ആ ബ്ലോഗ്‌ ന്റെ ഉടമസ്ഥന്‍ ആയ ശ്രീ ജബ്ബാര്‍ ന്റെ അറിവോ സംമധാമോ ഇല്ലാതെ തീര്‍ത്തും നല്ല ഉധേസത്തോടെ മാത്രം പത്രക്കാരന്‍ എടുത്ത ഒരു സ്വാതന്ധ്ര്യം ആണ്. ലിങ്കില്‍  ക്ലിക്കിയാല്‍ ആ ബ്ലോഗിലേക്ക് പോകാം

ജഗന്‍റെ രാഷ്ട്രിയം, YSR കോണ്‍ഗ്രസ്‌ ഏത് വരെ ?

              ജഗന്‍ റെഡി കോണ്‍ഗ്രസ്‌ വിട്ടു, പുതിയ പാര്‍ടിയും ഉണ്ടാക്കി. മിടുക്കന്‍. വീരശൂര പരാക്രമിയും പ്രജാതല്പരനും ആയി വാഴവെ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപെട്ട സ്വന്തം പിതാവ് YSR  റെഡി യുടെ ഓര്‍മയില്‍  YSR കോണ്‍ഗ്രസ്‌ എന്ന് പേരും ഇട്ടു. ബലേ ഭേഷ്...
കണ്ടാല്‍ ഒരു ലുക്ക്‌ ഇല്ലെങ്കിലും പയ്യന്‍ ആള് പുലി തന്നെ...   സ്വന്തം അച്ഛന്റെ പേരില്‍ പാര്‍ട്ടി ഉണ്ടാക്കുന്ന ആദ്യത്തെ മകന്‍ ആയി ഉടന്‍ തന്നെ ജഗന്‍ ഗിന്നസ് ബുക്കില്‍ കയറികൂടും എന്ന് ജന സംസാരം ഉണ്ട്. രാജിയുടെയും പാര്‍ട്ടി പ്രക്യപനതിന്റെയും വീഡിയോ ഗിന്നസ് അധികൃതര്‍ക്ക് അയച്ചു കൊടുത്തോ ആവോ?
         അല്ലെങ്കിലും ഗിന്നസ് ബുക്ക്‌ അല്ല ജഗന്റെ ലക്‌ഷ്യം എന്ന് നമുക്കും അറിയാം. ആന്ധ്ര എന്ന കൊച്ചു സംസ്ഥാനത്തെ ഒരു കൊച്ചു മുഖ്യമന്ത്രി കസേര, അത്രേ വേണ്ടു. ഒരു പാട് കാലം ആയി കിരീടം വക്കാത്ത യുവരാജാവായി വാണു, തന്‍റെ കാലശേഷം ആ കസേര തരാമെന്നു  അച്ഛന്‍ പറഞ്ഞതാ, അതിനു അമ്മ MLA  യും ചെറിയച്ചന്‍ MLA   യും സാക്ഷി TV യും സാക്ഷി ആണ്. പക്ഷെ അങ്ങ് ഡല്‍ഹി യില്‍ ഇരിക്കുന്ന വരുത്തി മദാമ്മക്ക് ഉണ്ടോ ഇത് വല്ലതും അറിയുന്നു? 
             മൂക്കള ഒലിപ്പിച്ചു നടന്ന ദേശിയ പാര്‍ടിയെ കൈ പിടിച്ചുയര്‍ത്തി അധികാരത്തില്‍ എത്തിച്ചത് ജഗന്റെ അച്ഛന്‍ റെഡി ആണെന്ന്  പറഞ്ഞിട്ടെന്താ? അച്ഛന്‍ മരിച്ചപ്പോ രാജ ഭരണ നിയമ പ്രകാരം മകന് കിട്ടേണ്ട മുഖ്യ മന്ത്രി പണി തട്ടിപറച്ചാല്‍ ആര് സഹിക്കും?    മുത്തച്ഛന്റെ പ്രായം ഉള്ള ഒരാളെ ആണ് ആദ്യം മുഖ്യമന്ത്രി ആക്കിയത്.  തെലുംഗന പ്രശ്നവും അധികാര വടംവലിയും കൊണ്ട് പൊരുതി മുട്ടിയ  അങ്ങേരു ഏതാണ്ട് പണ്ട് കേരളത്തിലെ ആന്റണി യുടെ ഗതി ആയപ്പോ കസേരയും വിട്ടെറിഞ്ഞ്‌ പോയി. പോയ പാതി പോകാത്ത പാതി  ദേശിയ നേതാക്കള്‍ വിമാനം ചാര്‍ട്ടെര്‍ ചെയ്തു വന്ന്‌ റെഡി സമുദായത്തില്‍ പിറന്ന ഏതോ ഒരുത്തനെ പിടിച്ചു ആ കസേരയില്‍ ഇരുത്തി.                                                              
                   അതിപ്പോ ജഗന്‍ പ്രതീക്ഷിച്ചില്ല. ഉള്ള നേരം കൊണ്ട് സ്വന്തം ചാനല്‍ വഴി ഡല്‍ഹിയില്‍ ഉള്ള സകലരയൂം തന്തക് വിളിച്ചു കഴിഞ്ഞിരുന്നു. അതിന്റെ പേരില്‍ അച്ചടക്ക നടപടി ഏത് നിമിഷവും വരാം, അതായത് അവര്‍ എടുത്ത് പുറത്തിടാം എന്ന്.  അതാ ഗതി കേട്ട ജഗന്‍ ഇറങ്ങി പോന്നത്. പോരുന്ന പോക്കില്‍ അമ്മയുടെ MLA സ്ഥാനവും തന്‍റെ MP സ്ഥാനവും വലിച്ചെറിയുകയും ചെയ്തു. പുതിയ പാര്‍ട്ടി യും ഉണ്ടാക്കി.
                     പ്രാദേശിക രാഷ്ടിയത്തിനു എന്നും കുട പിടിച്ചു കൊടുത്ത ചരിത്രം ഉള്ള ആന്ധ്രയില്‍ ജഗന്റെ പാര്‍ടി ചലനം സൃഷ്ടിക്കും എന്ന് ഉറപ്പാണ്. നിലവില്‍ 20  MLA മാരുടെ പിന്തുണ തനിക്കു ഉണ്ടെന്നാണ് ജഗന്റെ അവകാശ വാദം. YSR നോട്‌ ജനങ്ങള്‍ക് ഉള്ള മമത പരമാവതി മുതലെടുതാല്‍ ഈ പാര്‍ട്ടി ആന്ധ്രയില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ പോലും പര്യാപ്തമാകും. പ്രജാരാജ്യം എന്ന സൂപ്പര്‍സ്റ്റാര്‍ പാര്‍ടിയെ ഒക്കെ കൂട്ട് പിടിച്ചു ഇത്തവണ കോണ്‍ഗ്രസ്‌ രക്ഷപെട്ടു എന്ന് വരാം. എന്നാല്‍ ഇനി ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജഗന്‍ കരുത്ത്‌ കാണിക്കും എന്നുറപ്പാണ്. അച്ഛന്റെ വിയോഗം താങ്ങാന്‍ ആകാതെ ആത്മഹത്യ ചെയ്തവരോട്‌ അനുകമ്പ കാണിക്കാന്‍ എന്ന പേരില്‍ ജഗന്‍ നടത്തിയ യാത്ര കോണ്‍ഗ്രസ്‌ ന്റെ ശക്തമായ എതിര്‍പ്പും അറസ്റ്റ്ഉം എല്ലാം മറികടന്നു ജനങ്ങളെ ഇറക്കി മറിച്ചത്‌ ചേര്‍ത്ത് വായിക്കുമ്പോള്‍ ജഗന്‍ ഇത് കാലേകൂട്ടി ഉറപ്പിച്ചതാണ് എന്ന് മനസിലാക്കാം.
                              പാര്‍ട്ടി പ്രക്യപിച്ചതിനു പിറകെ ട്വിറ്റെര്‍, ഫേസ്ബുക്ക്‌ അടക്കം ഉള്ള മാധ്യമങ്ങള്‍ വഴി തന്റെ പാര്‍ട്ടിയെ ജനങ്ങളില്‍ എത്തിക്കാന്‍ ജഗന്‍ ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യന്‍ രാഷ്ടിയത്തിനു പുതിയ അനുഭവം ആണ്. വെറും രാഷ്ത്രിയ, അധികാര മോഹങ്ങള്‍ മാത്രമല്ല ജഗന്‍ എങ്കില്‍, അച്ഛന്‍ തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിന്യും എങ്കില്‍ അത് ഒരു യുവ രാഷ്ട്രിയ നേതാവിന്റെ ഉദയം ആയിരിക്കും. മറിച്ചു പ്രായത്തിന്റെയും അപക്വതയുടെയും പരാധീനതകള്‍ മറികടക്കുന്നതില്‍ ജഗന്‍ പരാജയപെട്ടാല്‍ അത് ഒരു ഒരു രാഷ്ട്രിയ നീതികേടാകും...


പത്രക്കാരന്‍: ഈ YSR കോണ്‍ഗ്രസ്‌ എന്ന് കേട്ടാല്‍ ഒന്നും ഞങ്ങള്‍ മലയാളീസ് കുലുങ്ങില്ല. അല്ലെങ്ങില്‍ തന്നെ ഇംഗ്ലീഷ് അക്ഷരമാലയില്‍ ഏതാണ്ട് എല്ലാ അക്ഷരങ്ങളിലും ഇവ്ടിടെ കോണ്‍ഗ്രസ്‌ ഉണ്ട്.  ആന്ധ്രകാരന്‍ പയ്യന്‍ അങ്ങനെ പലതും കാണിക്കും. ആ പരിപ്പ് കേരളത്തില്‍ വേവില്ല എന്നത് K മുരളീധരനും നന്നായി അറിയാം. (അനുഭവം ഗുരു).അത് കൊണ്ട് ആ പൂതി മനസ്സില്‍ വച്ചുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ പനിക്കണ്ട.

Sunday, November 28, 2010

വീക്ക്‌ലീസ് തുറന്നു വിട്ട ഭൂതം

                         ലോക പോലീസ് ആയി നടക്കുന്ന അമേരിക്കക്ക് ഓര്‍ക്കാപുറത്ത് കിട്ടിയ അടി ആണ് വീക്ക്‌ലീസ്( http://wikileaks.org/ ) വെബ്സൈറ്റ് പുറത്ത് കൊണ്ട് വരുന്ന രഹസ്യ രേഖകള്‍. അടുത്ത് അവര്‍ പുറത്ത് വിട്ട അഫ്ഗാന്‍,ഇറാക്ക് യുദ്ധങ്ങളെ സംബന്ധിച്ച രേഖകള്‍ തന്നെ അമേരിക്കയുടെ ഉറക്കം കെടുത്തിയതാണ്. അതിന്റെ ഇരട്ടി ആഘാതം ഉളവാക്കാന്‍ പോന്നതവയാനത്രേ ഇനി പുറത്ത് വരാന്‍ ഇരിക്കുനത്. ലക്ഷക്കണക്കിനു റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനും മാത്രം എന്താണാവോ ഇവന്മാര്‍ക്ക് രഹസ്യം എന്ന് ആരും സംശയികണ്ട. ഇതല്ല ഇതിന്റെ അപ്പുറത്തെ ചെറ്റത്തരം കാണിക്കുന്നവരാ ഞങ്ങള്‍ എന്ന് സാം അങ്കിള്‍ വെറുതെ പറയുന്നതല്ല എന്ന് ആ രേഖകള്‍ കണ്ട എല്ലാരും പറഞ്ഞത്രേ.
                       തേച്ചാലും മാച്ചാലും പോകാത്ത ചീത്തപ്പേര് ഉണ്ടാക്കാന്‍ പോന്നതാണ് ഈ രേഖകള്‍ എന്ന് അമേരിക്കന്‍ ഭരണകൂടത്തിനും അറിയാം. അതുകൊണ്ട് പ്രലോഭനം കൊണ്ടും ഭീഷണി കൊണ്ടും വികിലീക്സ് പിള്ളേരെ ഒതുക്കാന്‍ അങ്കിള്‍ സാം പഠിച്ച പണി പത്തൊന്‍പതും നോക്കുന്നുണ്ട്. ഈ രേഖകള്‍ ലോകത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണ്, അത് കൊണ്ട് (അത് കൊണ്ട് മാത്രം ) ഇവ പുറത്ത് വിടരുതേ എന്ന് സെന്റിമെന്റ്സ് വരെ ഇറക്കി നോക്കി. എന്നാല്‍ അത് കൊണ്ടൊന്നും കാര്യം നടക്കുന്ന ലക്ഷണം കാണുന്നില്ല എന്ന് മാത്രം.
                              ഭരണകൂട ഭീകരതയും മനുഷ്യാവകാശ ലഘനങ്ങളും പുറത്തു കൊണ്ട് വരാന്‍ വേണ്ടി ജൂലിയന്‍ അസാജെ എന്ന പത്രപ്രവര്‍ത്തകന്‍ തുടങ്ങി വച്ചതാണ് ഈ വെബ്സൈറ്റ്. ഇത് പോലെ ഓരോ വിക്രിതികള്‍ ഇവര്‍ ഇടക്ക് കാണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കളി കാര്യമായെന്നു മാത്രം. കറുത്ത കോട്ടിട്ട എക്സിക്യൂട്ടീവ് ഗുണ്ടകളെ പേടിച്ചു ജൂലിയന്‍ അസാജെ ഒളിവില്‍ ആണെന്നാണ്‌ കേള്കുന്നത്.
                              എന്നാല്‍ ഇതൊന്നും അഫ്ഗാന്‍കാരെ അത്ര ബാധിച്ച മട്ട് കാണുന്നില്ല എന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. (അസൂയ കൊണ്ടാണോ എന്നറിയില്ല !!! ) രഹസ്യ തടവറകളും അവിടത്തെ പീഡനങ്ങളും ഒകെ പുറത്തു വന്നതിനെ പറ്റി " ഇതൊന്നും ഇത്ര വലിയ രഹസ്യം അല്ല,ഞങ്ങള്‍ക്ക് ഇത് പണ്ടേ അറിയുന്നതാണ്" എന്നതാണത്രെ അവരുടെ പ്രതികരണം. പക്ഷെ അഫ്ഗാന്‍ പാവ ഭരണാധികാരി നൂരി മാലിക്കി ഇതിനെ പ്രാധാന്യത്തോടെ കണ്ടിരിക്കുന്നു.തന്റെ കസേര തെറിപ്പിക്കാന്‍ ഉള്ള ശ്രമം ആണെന്നാ ഇതിനെ അദ്ദേഹം വിലയിരുത്തിയത്. (ഇയാള് രാഷ്ട്രിയം പഠിച്ചത് കേരളത്തില്‍ നിന്നാണോ?)
                              എന്തായാലും കുടുങ്ങുമ്പോ ഒന്നിച്ചു കുടുങ്ങാം എന്ന് കരുതി ആകും അമേരിക്ക സ്വന്തം സഖ്യ കക്ഷികള്‍ക്ക് മുന്നറിയിപ് കൊടുത്തു കഴിഞ്ഞു. അവരോടു ചെയ്ത വിശ്വാസ വന്ജനകളും പുറത്തു വരും എന്ന പേടിയും അമേരിക്കയെ കലശലായി അലട്ടുന്നുണ്ട്. അന്വേഷണാത്മക പത്രപ്രവതനതിന്റെ മാതൃക കാണിച്ചു തന്ന വികിലീക്സ് അഭിനന്ദനം അര്‍ഹിക്കുന്നു.


പത്രക്കാരന്‍ : അമേരിക്കയുടെ പുതിയ കൂട്ടുകാരന്‍ ആയ ഇന്ത്യയിലും ഇവന്മാര്‍ പണി തുടങ്ങിയോ എന്ന് സംശയം ഉണ്ട്. ആദര്‍ശ് ഫ്ലാറ്റ് വിവാദത്തിലെ ചില സുപ്രധാന തെളിവുകള്‍ അടങ്ങുന്ന രേഖകള്‍ കളവു പോയി എന്നാണു ഇപ്പൊ നഗര വികസന സമിതി കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. അത് എന്തായാലും വീക്ക്‌ലീസ് ഒന്നും അല്ല. ഇവിടത്തെ ഏതെങ്കിലും ഡൂക്കിലീസ് ആകാനെ വഴിയുള്ളൂ . . . 

Saturday, November 27, 2010

പത്രക്കാരന് പേര് മാറ്റം, മാന്യ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ ?

പത്രക്കാരന്‍ ചെറിയൊരു പേരുമാറ്റം നടത്തി.  മലയാള വിദ്വാന്മാര്‍ നോക്കിയാലും ഇംഗ്ലീഷ് വിദ്വാന്മാര്‍ നോക്കിയാലും കുഴപ്പം പറയില്ല എങ്കിലും ഒരു മംഗ്ലീഷ് ആംഗിള്‍ നിന്ന് നോക്കിയാല്‍ പത്രക്കാരന്‍ വെറും പത്രകാരന്‍ ആയി തോന്നുന്നോ എന്ന സംശയം ആണ് ഇതിനു കാരണം. പുതിയ കുട്ടിക്ക് പേര് ഇടുമ്പോ കാരണവര്‍മാര്‍ ആരും അടുത്ത് ഇല്ലാത്തതിന്റെ കുഴപ്പമാണ് എന്ന് കൂട്ടിയാല്‍ മതി. വായനക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു... 
അത് കൊണ്ട് http://pathrakaaran.blogspot.com/ എന്ന പഴയ അഡ്രസ്‌ മാറി ഇപ്പൊ http://pathrakkaaran.blogspot.com/ എന്ന പുതു പുത്തന്‍ അഡ്രസ്‌ ആണ് പത്രക്കാരന്. മാന്യ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ ? 

Friday, November 26, 2010

ഈ വരയുടെ ഏത് വശത്ത് നിന്നാല്‍ രണ്ടു രൂപയുടെ അരി കിട്ടും ?

രഞ്ജന്‍ : "എന്താ മുകേഷ് ? സന്തോഷമായില്ലേ? നിങ്ങള്‍ക്ക് വേണ്ടത് എല്ലാം കിട്ടിയല്ലോ".
മുകേഷ് : "സന്തോഷം രഞ്ജന്‍.നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഇനി ഇപ്പോള്‍ കോണ്‍ഗ്രസ്‌ ആണ് നമ്മുടെ കട".......
2009 മെയ്‌ മാസത്തില്‍ രണ്ടാം UPA സര്‍ക്കാര്‍ അധികാരം ഏറ്റതിന്റെ സന്തോഷം പങ്കിടുന്ന രണ്ടു പേര്‍ ഒന്ന് മുന്‍ പ്രധാനമന്ത്രി വാജ്പേയി യുടെ മരുമകന്‍ രഞ്ജന്‍ ബട്ടാജാര്യ, മറ്റേതു ബിസിനസ്‌ പ്രമുഘന്‍ മുകേഷ് അംബാനി. അതെ കോണ്‍ഗ്രസ്‌ നെ അവര്‍ക്ക് ആവശ്യം ഉള്ള സാധനങ്ങള്‍ വില്കാനും വാങ്ങാനും ഉള്ള കട ആയിട്ടാണ് ഇവര്‍ കാണുന്നതും ഉപയോഗപെടുതുന്നതും.

ഇന്ന് പത്രത്തില്‍ കണ്ട ഒരു ലേഖനത്തിന്റെ ചുരുക്കം ആണ് മുകളില്‍ കണ്ടത് . ...


പത്രക്കാരന്‍: മന്‍മോഹന്‍ സിംഗ് സോണിയ വരച്ച വരയില്‍ മാത്രമേ നില്‍ക്കൂ എന്ന് എല്ലാവര്ക്കും അറിയാം.. എന്നാല്‍ സോണിയ ആ വര എവിടെ വരക്കണം എന്ന് തീരുമാനിക്കുന്നത് അംബാനി മാരെ പോലുള്ള കോര്‍പ്പറേറ്റ്കളും ചില മൂന്നാം കിട ഇട നിലക്കാരും ആണെന്നുള്ളത് ഒരു പുതിയ അറിവായി.
ഒന്ന് ചോദിക്കട്ടെ ? ഈ വരയുടെ ഏത് വശത്ത് നിന്നാല്‍ രണ്ടു രൂപയുടെ അരി കിട്ടും ?

Thursday, November 25, 2010

ശബരിമല: മകരവിളക്ക് വഞ്ചന കഠിനം തന്നയ്യപ്പാ

      കേരളത്തിന്റെ ദേവസ്വം ബോര്‍ഡ്‌ നു  തിലകക്കുറി ചാര്‍ത്തികൊണ്ട് ശബരിമല ടൂറിസം തേരോട്ടം തുടരുന്നു.അമ്പലത്തിലെ കാണിക്ക 4 കോടിയും അരവണ വില്പന 3.5 കോടിയും അപ്പ വിപണി 1.5 കോടിയും അടക്കം 12 കോടി രൂപ ആണ് ഇത് വരെ ഈ സീസണ്‍ നേടിയ വരുമാനം. ദിനം പ്രതി ഒരു കോടിയില്‍ അധികം വരുമാനം എന്ന നിലയില്‍ മുന്നേറുന്ന ശബരിമലക്കും അയ്യപ്പ ഭക്തര്‍ക്കും പത്രക്കാരന്റെ അഭിവാദ്യങ്ങള്‍.
                      മണ്ഡല കാലം അവസാനിക്കുമ്പോള്‍ ഇത് എത്ര കോടി കടക്കും എന്ന് പ്രവചിക്കാന്‍ ആര്‍കും ആകില്ല.(വിശേഷിച്ചും ഭക്തി കൂടുക അല്ലാതെ കുറയുന്ന ലക്ഷണം കാനുന്നില്ലാത്തത് കൊണ്ട്). കാനന വാസാ ഇതാണ് സമയം നന്നാവുക എന്ന് പറയുന്നത്. ഇനി ഇതൊന്നും അല്ല,യഥാര്‍ത്ഥ വരവ് കാണാന്‍ ഇരിക്കുന്നത്തെ ഉള്ളു. മകരവിളക്ക് എന്ന അത്ഭുത പ്രതിഭാസം ജന കോടികള്‍ കണ്‍ കുളിര്‍ക്കെ കാണുമ്പോള്‍ ഈ കിട്ടിയതിന്റെ ഇരട്ടി ഉണ്ടാക്കാം.
                   ഈ ഭക്തജന തിരക്കിന്റെയും കോടികളുടെ കണക്കുകളുടെയും ബഹളത്തിനിടയില്‍ നാം സൌകര്യപൂര്‍വ്വം മറന്നുപോയ കുറച്ചു യാഥാര്‍ത്യങ്ങള്‍ ഉണ്ട്.  അത് തെളിയിക്കുന്ന ചില  വീഡിയോ ദ്രിശ്യങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്..  ശബരിമലയിലെ വിശുദ്ധ പ്രതിഭാസം എന്ന് വിശ്വസിക്കപെടുന്ന മകര വിളക്, മകര ജ്യോതി എന്ന പൊന്‍ മുട്ട ഇടുന്ന രണ്ടു താറാവിന്‍ കുഞ്ഞുങ്ങളെ ഒറ്റ അടിക്ക് വെറും തട്ടിപ് എന്ന് തെളിയിച്ചത്  ഈ വിളക്കുകള്‍ തെളിയിക്കപെടുന്ന പൊന്നമ്പലമെട് എന്ന കുന്നിന്‍ പുറത്ത് എത്തിയ ചില മാധ്യമ പ്രവര്‍ത്തകര്‍ ആണ്.. മകര വിളക്ക് കൃത്രിമമായി കത്തിക്കുന്ന സ്ഥലവും അതിനു ഉപയോഗിക്കുന്ന സാധന സാമഗ്രികളും അതിലൂടെ നാം കണ്ടു. പിന്നീടും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായി.കുറച്ചു നിരീശ്വര വാദികള്‍ അവിടെ പോയി രണ്ടാമത് ഒരു വിളക്ക് കൂടി കത്തിചതായും ആ വര്‍ഷം ഭക്തര്‍ക്ക് ഇരട്ടി പുണ്യം കിട്ടി എന്നോ  മറ്റോ കൂടി പറഞ്ഞു കേള്‍കുന്നു. അതിലൂടെ ഇതിനു പിന്നിലെ ഒരു പാട്  യാഥാര്‍ത്യങ്ങള്‍  പുറത്ത് വന്നു. . എന്നാല്‍ ഇതിനെ ഒക്കെ നേരെ  മുഖം തിരിക്കുകയാണ് സാക്ഷര സാംസ്കാരിക കേരളം ചെയ്തത്.
                  ഈ അടുത്ത് മകര വിളക്  സര്‍ക്കാര്‍ കത്തിക്കുന്നതാണ് എന്ന് അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരന്‍ വെളിപെടുതിയതുമായി വിവാദങ്ങള്‍ ഉണ്ടായപോഴും വേണ്ടത്ര ചര്‍ച്ചയോ പഠന റിപ്പോര്‍ട്ടുകളോ ഉണ്ടായില്ല. ദേശീയ മാധ്യമങ്ങള്‍ പോലും അതീവ പ്രാധാന്യത്തോടെ ഈ വാര്‍ത്ത‍ പുറത്തു വിടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ തന്ത്രി കുടുംബത്തിലെ ഇളമുറ തമ്പുരാന്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരു വിദ്വാന്‍ ( വിദ്യാഭ്യാസം കൂടിപോയ പ്രശ്നം ഉള്ള ഈ ചെറിയ തിരുമേനിക്ക് പേരിന്റെ  കൂടെ ഈശ്വരന്‍ എന്ന് ചേര്‍ക്കുന്ന ശീലവും  ഉണ്ട് )  പെട്ടെന്ന് മകര ജ്യോതി  പോലെ പൊട്ടി വീഴുകയും മലയാളം ഇംഗ്ലീഷില്‍ സംസാരിച്ചു കൊണ്ട് അതി വിദഗ്ധമായി ഈ പ്രശ്നത്തില്‍ ഒരു വഴി തിരിവ് ഉണ്ടാക്കുകയും ചെയ്തു.  "മകര വിളക്കിന്റെ  യാഥാര്‍ത്ഥ്യം മാത്രമേ പുറത്തു വന്നുള്ളൂ, മകര ജ്യോതി ബാക്കി ഉണ്ട്, അതാണ്‌ ദൈവീകം" എന്നാണു അദ്ധേഹത്തിന്റെ വാദം. (ഇങ്ങനെ ഒരു വിവാദം വന്നപ്പോള്‍ അതില്‍ വിദഗ്ധ ഉപദേശം നല്‍കാന്‍  ഈ മാന്യനെ ആരാണാവോ ചുമതല പെടുത്തിയത് !!!!.)
                    എന്നാല്‍ അതാണോ യാഥാര്‍ത്ഥ്യം? മകരവിളക്ക് തട്ടിപ്പാണ് എന്ന വസ്തുത പകല്‍ പോലെ തെളിഞ്ഞ സ്ഥിതിക് മകര വിളക്കിന്റെ കാര്യത്തില്‍ കൂടി ശാശ്ത്രീയമായ ഒരു വിലയിരുത്തല്‍ അനിവാര്യമല്ലേ?
                      മകര ജ്യോതി എന്ന നക്ഷത്രം  ഒരു സ്വാഭാവിക പ്രതിഭാസം (മറ്റു ഏതു നക്ഷത്രം പോലെയും) ആണെന്നും അത് ആ സമയത്ത് അവിടെ പ്രത്യക്ഷപെടുന്നതല്ല മറിച്ച്‌ പൊന്നമ്പലമേട് എന്ന ഉയരമുള്ള പര്‍വതത്തിന്റെ മറവില്‍ നിന്നും പുറത്തു വരുന്നതാണ്  എന്നും ശാസ്ത്രിയമായ  തെളിയിക്കപെട്ട വസ്തുത ആണ്. ഈ സമയം കണക്കാകി ആണ് ദേവസ്വം നിയോഗിക്കുന്ന ആളുകള്‍ പൊന്നമ്പലമെട് എന്ന കുന്നില്‍ മുകളിലെ തറയില്‍ ആ വിളക് കത്തിക്കുന്നതും , ചാക്ക് ഇട്ടു മൂടി അത് മൂന്നു തവണ അണക്കുന്നതും എന്നത്  അധികൃതര്‍ സമ്മതിക്കുന്നതും തെളിയിക്കപെട്ടതും  ആണ് .. ഭൂമിയുടെ കറക്കത്തിന്‌ സമാനമായി നക്ഷത്രങ്ങളും നീങ്ങുന്നു  എന്ന വസ്തുത കണക്കില്‍ എടുക്കുക.അങ്ങനെ നോക്കുമ്പോള്‍ വീഡിയോ യില്‍ കാണുന്നത് പോലെ കുന്നിന്‍ മറവില്‍ നിന്നും പുറത്തു വരുന്ന ഈ നക്ഷത്രത്തെ പെട്ടെന്ന് ആകാശത്ത് പ്രത്യക്ഷപെട്ടതായെ ആര്‍കും തോന്നു. അതിനെ ദൈവീകമായി കണ്ട നമ്മുടെ പൂര്‍വികരെ കുറ്റം പറയാന്‍ പറ്റില്ല.
                     എന്നാല്‍ ഇപ്പോള്‍ സമയം അതിക്രമിച്ചിരിക്കുന്നു. ലോകവും ശാസ്ത്രവും ഇത്രയും വളര്‍ന്നു കഴിഞ്ഞ ഈ കാലഘട്ടത്തില്‍  കോടി  കണക്കിന് മനുഷ്യരെ അറിഞ്ഞു കൊണ്ട് വിഡ്ഢികള്‍ ആക്കുന്നതിനും ഒരു പരിധി ഇല്ലെ?  അവരുടെ വിശ്വാസം തകര്‍ക്കുന്നത് തെറ്റാണ് എന്ന ചിന്ത നമ്മെ എവിടെയും എത്തിക്കില്ല. മറിച്ച്‌ നമുക്ക് ചുറ്റും ഉള്ള ലോകം ശാസ്ത്രത്തിന്റെ വീഥിയില്‍ മുന്നേറുമ്പോള്‍ നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നത് ഇതാണോ? ഒരിക്കല്‍ അവര്‍ സത്യം മനസിലാക്കുമ്പോള്‍, വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് പറയാന്‍ മറുപടികള്‍ ഉണ്ടാകില്ല.മകര വിളക്കിന്റെ ദര്‍ശന  സൌഭാഗ്യം prime time സമയത്ത് ലൈവ് ആയി കാണിക്കുന്ന ചാനലുകള്‍ക്കും പിറ്റേന്നു എട്ടു കോളം വാര്‍ത്ത കൊടുക്കുന്ന പത്രങ്ങളും ഇതില്‍ കുറ്റവാളികള്‍ ആണ്.
                എല്ലാം അറിഞ്ഞു കൊണ്ട് ആളുകള്‍ ആരാധന നടത്തുന്നു എങ്കില്‍ അത് അവരുടെ ഇഷ്ടം. ലോകത്തെ ഇതൊരു ആരധനാലയവും പോലെ ശബരിമലയും നില നില്‍ക്കട്ടെ.ഈ മകര വിളക് കത്തിച്ചില്ല എങ്കില്‍, മകര ജ്യോതിയുടെ സത്യാവസ്ഥ തുറന്നു സമ്മതിച്ചു എങ്കില്‍ നമുക്ക് ഒന്നും നഷ്ടപെടാന്‍ ഇല്ല.മറിച്ച്‌ നാം ഭാവി തലമുറയോട് ചെയ്യുന്ന വലിയൊരു നന്മ ആകും അത്.

ഒരു കാര്യം കൂടി : എങ്ങനെ ഒക്കെ ആയാലും സര്‍ക്കാര്‍ ഗജനാവിനു ശബരിമല നല്‍കുന്ന സേവനം പ്രശംസനീയം തന്നെ ആണ്. ഇപ്പോള്‍ പറഞ്ഞു കേള്‍കുന്ന ശബരിമല ദര്‍ശനം വര്‍ഷം മുഴുവന്‍ ആക്കുക, സ്ത്രീകള്‍ക്ക് കൂടി ദര്‍ശനം അനുവദിക്കുക  എന്ന ആവശ്യങ്ങള്‍  കൂടി  പരിഗണിച്ചാല്‍ സ്പെക്ട്രം അഴിമതിയില്‍ രാജ്യത്തിന് നഷ്ടപെട്ട തുക പുഷ്പം പോലെ ഉണ്ടാക്കാം . .

Wednesday, November 24, 2010

Tuesday, November 23, 2010

തദേശ തിരഞ്ഞെടുപ്പ് : കേരളത്തിലെ (മത) രാഷ്ട്രിയ പാഠങ്ങള്‍ . . .

                    ഈ കഴിഞ്ഞ തദേശ ഭരണ തിരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോള്‍ ആദ്യം ഓര്മ വരുന്നത് വോട്ട് ശതമാനത്തെ പറ്റി ഇരു മുന്നണികളും നടത്തിയ വിലയിരുതലുകളിലെ രസകരമായ കണക്കുകള്‍ ആണ്. മുന്‍ ഇലെക്ഷന്‍  സമയത്തെ കണക്കുകളുമായി താരതംമ്യപെടുത്തി തങ്ങള്‍ ഒരുപാട് മെച്ചപെട്ടു എന്ന് സമര്‍ഥിക്കാന്‍ ഇരുവരും ശ്രമിച്ചു. ഒരു പരിധി വരെ അതില്‍  ഇരു കൂട്ടരും വിജയിച്ചു.
                   എന്നാല്‍ യാഥാര്‍ത്ഥ്യം ഇതൊന്നും അല്ല എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്. ഇത്തരത്തില്‍ ആര്‍കും മനസിലാകാത്ത സമവാക്യങ്ങള്‍ തിരിച്ചും മറിച്ചു എടുത്തു ഉപയോഗിക്കുമ്പോള്‍ സത്യത്തില്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ഗതി മാറി പോവുകയാണ് എല്ലാ രാഷ്ട്രിയ പാര്‍ടികളും.
                 ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായ വര്‍ഗീയ ദ്രുവീകരണം ഉണ്ടായി എന്ന  യാഥാര്‍ത്ഥ്യം മനസിലാക്കുന്നതില്‍ അല്ലെങ്ങില്‍ അത് തുറന്നു പറയുന്നതില്‍ രാഷ്ട്രിയ പാര്‍ടികള്‍ എത്രത്തോളം ധൈര്യം കാണിച്ചു എന്നത് പരിശോധിക്കപെടനം. രാജ്യത്തെ മുഖ്യധാര രാഷ്ട്രിയ പാര്‍ടികളുടെ വിധി തീരുമാനിക്കുന്നത് ഇവിടത്തെ മത മേധാവികള്‍ ആണെന്ന് പറയുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് നാണക്കേടാണ്. വോട്ടെടുപ്പിന് തലേ ദിവസം രാഷ്ട്രിയ നേതാക്കള്‍ പള്ളിയുടെയും അരമനയുടെയും മുന്നില്‍ കൈ നീട്ടുന്നത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്.
                 കേരള രാഷ്ട്രിയത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ കൈ കടത്തല്‍ ഇതു അറ്റം വരെ എത്തിയിരിക്കുന്നു എന്നറിയാന്‍ തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ വരുന്ന ദിവസം KCBC വക്താവ് ഫാദര്‍ സ്റീഫന്‍ ആലത്തറ നടത്തിയ പ്രസതാവന മാത്രം മതി.പള്ളിയെ ധിക്കരിച്ചതിനുള്ള മറുപടിയാണ് പോലും !!!
                 തിരഞ്ഞെടുപ്പിന് മുനബ് വിവിധ ഹിന്ദു സമുദായ നേതാക്കള്‍ പത്ര സമ്മേളനം വിളിച്ചു കൂട്ടി "ഞങ്ങള്‍ ഇന്ന മുന്നണിക്ക്‌ ഒപ്പമാണ്" എന്ന് പ്രക്യാപിക്കുന്നു. ചില വിരുതന്മാര്‍ ഉണ്ട്, ഞങളെ ആര് സഹായിച്ചോ അവരെ ഞങ്ങള്‍ തിരിച്ചും സഹായിക്കും എന്നാണു ഇവരുടെ നിലപാട്. അതായത് ഏതു മുന്നണി നല്‍കുന്ന പെട്ടിക് ആണോ കാണാം കൂടുതല്‍ അവര്‍ക്ക് വോട്ട് ചെയ്യാം എന്നതിനെ ഒന്ന് വളച്ചു കെട്ടി പറയുന്നു.  ഒന്ന് ചോദിച്ചോട്ടെ നേതാവേ, ഇവിടെ സമുധായങ്ങല്കും മതങ്ങള്കും മാത്രമേ വോട്ട് ഉള്ളു? ഒരു പൌരന്റെ  സമ്മതിദാന അവകാസത്തിനു വിലയിടാന്‍ നിങ്ങള്‍ക്ക് ആര് ലൈസന്‍സ് തന്നു?
                   ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ മത നേതാക്കള്‍ക്ക് ധൈര്യം വരുന്നു എന്നത് നിലവിലെ രാഷ്ട്രിയത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന ആശങ്ക ഉയര്‍ത്തുന്നു. ഇതിനെതിരെ രാഷ്ട്രിയ പാര്‍ട്ടികള്‍ സദൈര്യം മുന്നോട്ട് വന്നെ മതിയാകൂ.

            

ചില പോളിട്രിക്കല്‍ ചിന്തകള്‍

              പിണറായി വിജയനെ അപകീര്‍ത്തിപെടുത്താന്‍ മെയില്‍ അയച്ചവരെ പിടികൂടുന്നതില്‍ നമ്മുടെ സൈബര്‍ പോലീസെ ന്റെ കഴിവ് സമ്മതിക്കണം. ആദ്യം വീടിന്റെ ഫോട്ടോ, പിന്നെ തിരഞ്ഞെടുപ്പ്  തോല്‍വി വിലയിരുത്തുന്ന കാര്‍ട്ടൂണ്‍, എല്ലാം റെക്കോര്‍ഡ്‌ വേഗതയില്‍ പിടികൂടിയ സൈബര്‍ പോലീസ് ഈ നാടിനെ സൈബര്‍ കുറ്റവാളികളുടെ ശവ പറംബ് ആകി മാറ്റി. എന്നാല്‍ ഇതിനു എത്രത്തോളം ന്യായീകരണം ഉണ്ട്? സ്വന്തം ഇന്‍ ബോക്സില്‍ വന്ന മെയില്‍ സുഹ്രത്തിന്റെ മെയില്‍ ലേക്ക് ഫോര്‍വേഡ് ചെയ്തതാണ് ഇവര ചെയ്ത അക്ഷന്ധവ്യമായ കുറ്റം. ഒരു നേതാവിനേയോ പാര്‍ട്ടിയെയോ പട്ടി അപവാദം പറയുന്നതും അവരെ വിഡ്ഢികള്‍ ആക്കി ചിത്രീകരിക്കുന്നതും നല്ല നടപടി അല്ല. സമ്മതിച്ചു. എന്നാല്‍ വെറും തമാശയുടെ പേരില്‍ ചെയ്യുന്ന ഈ പരിപാടികളുടെ പുറകെ പോകുന്ന ആരും ദിവസേന ഇത് ശീലമാക്കിയ ചിലരെ കണ്ടില്ല എന്ന് നടിക്കുന്നു.
              അതെ, നമ്മുടെ സ്വീകരണമുറിയില്‍ കയറി വന്ന് നാം ബഹുമാനിക്കുന്ന നേതാകളെ അവരുടെ പാര്‍ടിയെ എല്ലാം വീഡിയോ എഡിറ്റിംഗ് കല ഉപയോഗിച്ച് കൊണ്ട് തേജോ വധം ചെയ്യുന്ന ചിലര്‍. വാര്‍ത്ത പരിപാടികള്ളിടയിലെ ഐറ്റം നംബര്‍ എന്നൊക്കെ പറയുന്ന ചില പേക്കൂത്തുകള്‍. മലയാളത്തിലെ എല്ലാ മുഖ്യ ധാരാ ചന്നെലുകല്കും ഉണ്ട് ഇങ്ങനെ ഒരു പരിപാടി. ചിലവര്‍ക്ക് ഒന്നല്ല രണ്ടല്ല ഒരുപാട് ഉണ്ട്.
           ഇന്ത്യ വിഷന്‍ ന്റെ പൊളിട്രിക്സ്‌ , വാരാന്ത്യം, തുടങ്ങിയവ. മനോരമക്ക് തിരുവാ എതിര്‍വാ അങ്ങനെ പോകുന്നു പരിപാടികള്‍. പ്രമുഖ നേതാക്കളുടെ , അതും ഇടതു പക്ഷ നേതാക്കളെ (പേര് ദോഷം മാറ്റാന്‍ വേണ്ടി ചിലപ്പോ ചില വലതന്‍മാരെയും ) വീഡിയോ ഓഡിയോ,ചിത്രങ്ങള്‍ ഒകെ കൂട്ടി ചേര്‍ത്തും വെട്ടി മാറ്റിയും ഇവര്‍ കാണിക്കുന്ന കൊപ്രായങ്ങളെ  ആരും പരാതി പറയുന്നില്ല.ല്ല. ഹാസ്യ വിമര്സനം എന്ന ലാബെലില്‍ ഇവര്‍ ചെയ്യുന്നത് വ്യക്തി ഹത്യ ആണ്.ഈ പറയുന്ന മെയിലില്‍ ഉള്ളതിന്റെ എത്രയോ ഇരട്ടി ആണ് ഇത്തരം പരിപടികളിലെ വിമര്സനം. ഇതിനെതിരെ എന്ത്  കൊണ്ട് ആരും പരാതി പറയുന്നില്ല? പത്ര പ്രവര്‍ത്തനത്തിന്റെ പേരില്‍ ആര്‍ക്കും ആരെയും എന്തും ചെയ്യമെന്നാണോ?
അങ്ങനെ അല്ലെങ്ങില്‍ ചെയ്യേണ്ടത് ഇത്തരം പരിപാടികള്‍ക്ക് നിയന്ത്രണം കൊണ്ട് വരിക എന്നതാണ്. അത് ചാനല്‍ പ്രവര്‍ത്തനത്തിന്റെ നിലവാരം കൂട്ടുകയെ ഉള്ളു.

Monday, November 22, 2010

അഴിമതി ഉണ്ടോ, ഒരു രാജി എടുക്കാന്‍ ?

                കുറച്ച് ദിവസമായി  നമ്മുടെ രാജ്യത്ത് വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഒരു പഞ്ഞവും ഇല്ലാതായിരിക്യ.ചാനലുകാര്‍ക്ക്‌ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ എന്നാ അവസ്ഥ. എന്നാല്‍ മുഴുവനും തിന്നു തീര്‍ക്കാന്‍ പറ്റുമോ? അതും ഇല്ല. കാരണം ചൂടുള്ള വാര്‍ത്തകളുടെ ആധിക്യം തന്നെ. വന്ന് വന്നിപ്പൊ രാത്രിയിലെ news hour ,  news 2 hour ആക്കാന്‍ പറ്റുമോ എന്നാലോചികുകയാണ് പല ചാനെലുകളും!!!!.
ഒരു മണിക്കൂറില് തീരുന്നില്ല വാര്‍ത്ത‍ ചര്‍ച്ചകള്‍.
എന്നാല്‍ എവിടെക്കാണ്‌ ഈ വാര്‍ത്തകള്‍ നമ്മെ എത്തിക്കുന്നത്? അല്ലെങ്ങില്‍ എവിടെ ആണ് ഈ ചര്‍ച്ചകള്‍ എത്തി നില്‍കുന്നത്?  


              IPL ലേലത്തിലലും നടത്തിപ്പിലും ചെയര്‍മാന്‍ ലളിത് മോഡി വന്‍ തുക മുക്കി എന്ന ആരോപണം ഒരു പാട് കാലം ചൂടോടെ വിട്ടഴിക്കപെട്ടു. മോഡിയുടെ രാജി അതിനു അറുതി വരുത്തി.
 കൊച്ചി ടീം നു വേണ്ടി രംഗത്ത് ഇറങ്ങിയ വിവാദ രാഷ്ട്രിയ നായകന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ ന്റെ രാജിക്കും വിവാഹത്തിനും (!!) അത് വഴി വച്ചു. വിഷയം അവിടെ തീര്ര്നു. മുക്കിയ പണം പോയ വഴി ഇപ്പൊ ആരും ഓര്‍ക്കുന്നില്ല.
                 കോമണ്‍ വെല്‍ത്ത് ഗെയിംസ് വാര്‍ത്തയായത് അതില്‍ നമ്മുടെ താരങ്ങളുടെ പ്രകടനം കൊണ്ടല്ല. മറിച്ച് ഗെയിംസ് നടത്തിപ്പിലെ അപാകതകളും അഴിമതിയും കാരണം ആണ്. ആഴ്ചകളോളം കൊണ്ടാടിയ ആ വാര്‍ത്തകള്‍ പക്ഷെ ഗെയിംസ്ന്റെ ആവേശം കാരണം ഏവരും മറന്നു. സ്വാഭാവികമായും മീഡിയയും ആ വാര്‍ത്ത‍ കൈ വിട്ടു. ഇപ്പ്പോള്‍ അവിടെയും ഇവിടെയും കേള്‍കുന്ന പ്രസ്താവനകളും കണക്കുകളും മാത്രമായി കോടികളുടെ അഴിമതിയും ദേശിയ അപമാനവും.
                  പുറകെ വന്നു ആദര്‍ശ് ഫ്ലാറ്റ് വിവാദം. അതിര്‍ത്തി കാക്കുന്ന പട്ടാളകാരന്റെ പേരില്‍ കോടികളുടെ ബിനാമി തട്ടീപ്. പല ഉന്നതന്‍മാരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിട്ട് ഒടുവില്‍ ചാവാന്‍ മാറി ചൌഹാന്‍ വന്നതോടെ എല്ലാം ശാന്തം.തട്ടിപ്പിന് പിന്നിലെ മറ്റു വന്‍ തോക്കുകളെ ആരും തിരഞ്ഞില്ല...
                അല്ലെങ്കിലെ കട്ടപുറതതായ യെദിയൂരപ്പ മത്രി സഭക് വീണ്ടും ഒരു അടി കൂടി. ഭൂമി തട്ടിപിന്റെ പേരില്‍ യെദിയൂരപ്പയുടെ രാജിക്ക് മുറവിളി. എല്ലാര്വര്‍ക്കും വേണ്ടത് യെദിയൂരപ്പയുടെ രക്തം ആണ്.കര്‍ണാടകയിലെ ഭൂമി തട്ടിപ്പിന്റെ കാണാ കഥകള്‍ ആരും അന്വേഷിച്ചില്ല.

               ഗെയിംസ് അഴിമതി വാര്‍ത്ത ആകാതിരിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. അത് സാധാരനകാരന് ചിന്തിക്കാന്‍ പോലും ആകാത്ത ഒരു തുകയുടെ അഴിമതി കഥ ആണ്. ഒന്നര ലക്ഷം കോടി രൂപയുടെ സ്പെക്ടറും അഴിമതി കേസ്. രാജ്യത്തെ പല സംസ്ഥാനങ്ങളുടെയും വാര്‍ഷിക ബജറ്റ് ലും വലുതാണ്‌ ആ തുക. എങ്ങനെ കൂട്ടി കിഴിച്ച് ഭാഗം വച്ചാലും ഓരോ ഇന്ത്യാകാരന്റെയും പോക്കറ്റ്‌ അടിച്ചു പോയത് 1400 രൂപ.!!!!
വിവാദങ്ങള്‍ക് ഒടുവില്‍  മന്ത്രി രാജാ രാജി വച്ചതോടെ ആ കഥയും അകാല ചരമം പ്രാപിക്കുമോ? രാജയുടെ രാജിയോടെ JPC അന്വേഷണം വെറും പ്രഹസനം ആയി മാറുമോ?
ഒന്ന് ചോദിച്ചോട്ടെ, ഈ നാട്ടില്‍ അഴിമതി ആരോപണങ്ങള്‍ ഉണ്ടാകുന്നത് കേവലം ആരുടെ എങ്കിലും രാജിക്ക് വേണ്ടി മാത്രം ആണോ???????????

ഏഷ്യന്‍ ഗെയിംസ് : ഇന്ത്യക്ക് ഇന്ന് പുഞ്ചിരിയും കണ്ണീരും

ഏഷ്യന്‍ ഗെയിംസ് : പുരുഷന്മാരുടെ  ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോടികള്‍ സുവര്‍ണ്ണ പതക്കം നേടി. സോംദേവ് ദേവ് ബര്‍മന്‍, സനം സിംഗ് സഖ്യം ഒരു ഫോട്ടോ ഫിനിഷ് സൂപ്പര്‍ ടൈ ബ്രേക്ക്‌ വഴി മത്സരം കൈയ്യില്‍ ഒതുക്കി.
ലിയാണ്ടര്‍ പേസ് , മഹേഷ്‌ ഭൂപതി താര ജോടികള്‍ ഉപേക്ഷിച്ച ഏഷ്യന്‍ ഗെയിംസ് ഡബിള്‍സില്‍ പ്രതീക്ഷിക്കാത്ത വിജയം കൊണ്ട് വന്ന ഈ യുവ ജോടികള്‍ ഇന്ത്യന്‍ ടെന്നീസ് വസന്തം അവസാനിച്ചിട്ടില്ല എന്ന് പ്രതീക്ഷ നല്‍കുന്നു.
എന്നാല്‍ അപ്പുറത് ഏറെ പ്രതീക്ഷ പുലര്‍ത്തിയ സാനിയ മിര്‍സ വിഷ്ണു വര്‍ദ്ധന്‍ സഖ്യം ഫൈനലില്‍ പരാജയപെട്ടു. സിംഗിള്‍സ തോല്‍വിയുടെ ക്ഷീണം മാറാത്ത പോലെ കാണപെട്ട സാനിയ നിര്‍ണായകമായ മാച്ച് പോയിന്റ്‌ കൈവിട്ടത് തന്‍റെ തീരാ  ശാപം ആയ ഡബിള്‍ ഫാല്‍റ്റ് വഴി ആയതു ദുഃഖകരമായ കാഴ്ച ആയി.
വനിതകളുടെ 800 മീറ്റര്‍ മഞ്ജീത് കൌര്‍ നാലാം സ്ഥാനം മാത്രം..

മലയാളം മറക്കാത്ത എല്ലാ മലയാളികള്‍കും സ്വാഗതം

        ഇംഗ്ലീഷ് ബ്ലോഗിങ്ങ് തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തോളം ആയെങ്ങിലും മാതൃ ഭാഷയില്‍ കൈ വക്കുന്നത് ആദ്യം ആണ്. ഒരുപാട് വൈകി എന്നറിയാം. എന്നാലും "ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍" എന്നാണല്ലോ? അത് കൊണ്ട് തുടങ്ങികളയാം എന്ന് വച്ചു.
       എന്തൊക്കെ വിഷയങ്ങള്‍ കൈകാര്യം ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല. വായില്‍ വരുന്നത് എന്തും എഴുതാനാ ഇപ്പൊ തീരുമാനം. കാര്യം നിഷ്പക്ഷം എന്നൊക്കെ പറയും എങ്കിലും എഴുതി വരുമ്പോ തനി നിറം പുറത്തു വന്നാല്‍ ക്ഷമിക്കണം.അത് ജന്മനാ ഉള്ളതാ.
       പിന്നെ ഇതില്‍ എഴുതിയ കാര്യങ്ങള്‍ ആരെ എങ്കിലും വിഷമിപ്പികാന്‍ വേണ്ടി അല്ല എന്ന് തുടങ്ങുന്ന ആ സ്ഥിരം പല്ലവി ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇനി അഥവാ ആരെ എങ്കിലും വിഷമിപ്പിച്ചാല്‍ ഞാന്‍ നുണ പറഞ്ഞു എന്നാകും. അത് കൊണ്ടാ.
    എന്തായാലും എല്ലാരും ഈ ബ്ലോഗിനെ പിന്‍തുടരുക. മലയാളം മറക്കാത്ത എല്ലാ മലയാളികള്‍കും സ്വാഗതം

നമസ്കാരം. മാന്യ പ്രേക്ഷകര്‍ക്ക് സ്വാഗതം

 വാര്‍ത്തകള്‍ വായിക്കുന്നത് ജിതിന്‍. 
Related Posts Plugin for WordPress, Blogger...